മക്ക – ഇത്തവണത്തെ ഹജിന് തീര്‍ഥാടകര്‍ക്ക് നവ്യാനുഭവമായി എയര്‍ ടാക്‌സി സേവനവും. പരീക്ഷണാടിസ്ഥാനത്തിലുള്ള സെല്‍ഫ് ഡ്രൈവിംഗ് എയര്‍ ടാക്‌സി സേവനം ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി ഡോ. റുമൈഹ് അല്‍റുമൈഹ്, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി എന്നിവരും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും പരീക്ഷണത്തിന് സാക്ഷികളായി. വെര്‍ട്ടിക്കല്‍ രീതിയിലാണ് (ലംബമായി) എയര്‍ ടാക്‌സി ടേക്ക് ഓഫ് നടത്തിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ലൈസന്‍സുള്ള, ലോകത്തിലെ ആദ്യത്തെ എയര്‍ ടാക്‌സിയാണ് ഈ ഇലക്ട്രിക് എയര്‍ ടാക്‌സി.
പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരെ എത്തിക്കലും അടിയന്തിര സാഹചര്യങ്ങളില്‍ സഞ്ചാരം സുഗമമാക്കലും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിലും ചരക്ക് നീക്കത്തിനുള്ള ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ നല്‍കലും അടക്കം എയര്‍ ടാക്‌സി നല്‍കുന്ന സേവനങ്ങള്‍ ചടങ്ങില്‍ അവലോകനം ചെയ്തു. ഭാവിയിലെ ഏറ്റവും പുതിയ ഗതാഗത സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാനും നിര്‍മിത ബുദ്ധി ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്ന പുതിയതും നൂതനവുമായ പരിസ്ഥിതി സൗഹൃദ മോഡലുകള്‍ സ്വീകരിക്കാനും ആധുനിക ഗതാഗത മേഖലയുടെ സുസ്ഥിര പിന്തുണക്കാനും, വിഷന്‍ 2030 ന് അനുസൃതമായി ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് എയര്‍ ടാക്‌സി പരീക്ഷണം ആരംഭിക്കുന്നതെന്ന് എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
എയര്‍ ടാക്‌സി സാങ്കേതികവിദ്യകളും ഇലക്ട്രിക് കാറുകളും ഹൈഡ്രജന്‍ ട്രെയിനുകളും അടക്കമുള്ള നൂതനവും ആധുനികവുമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രം പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് മൊബിലിറ്റി മേഖലകള്‍ മെച്ചപ്പെടുത്താനും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രാപ്തമാക്കുന്ന നിയമ നിര്‍മാണങ്ങളും നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കാനും, ഭാവിയിലെ വിവിധ ഗതാഗത സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കാന്‍ പരീക്ഷണാത്മക അന്തരീക്ഷം പ്രദാനം ചെയ്യാനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നതായും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.