ജിദ്ദ: ആരോഗ്യം, സമ്പത്ത്, ഭരണകൂടത്തിന്റെ അനുമതി എന്നിവ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ പിന്നീട് നീട്ടിവെക്കാതെ എത്രയും പെട്ടെന്ന് ഹജ്ജ് നിർവ്വഹിക്കണമെന്നും പലരും ധരിച്ചുവെച്ചിരിക്കുന്നത് പോലെ അത് പണക്കാരന്റെ മാത്രം ബാധ്യതയല്ലെന്നും എല്ലാ മുസ്ലിമിന്റെയും ബാധ്യതയാണെന്നും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ അലി ശാക്കിർ മുണ്ടേരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഹറമിലെ രണ്ടാം ഖുതുബയിൽ ഇക്കാര്യം ഓർമ്മിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളോളം ജിദ്ദയടക്കം സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ പലരും ഹജ്ജിനെ അവഗണിച്ചുകൊണ്ട് പിന്നീട് നാട്ടിൽ പോയിട്ട് അത് നിർവഹിക്കാൻ പറ്റാത്തതിൽ വിഷമിക്കുന്ന കാഴ്ചയും നമ്മൾ കാണാറുണ്ട്. അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ട് അത് ചെയ്യാതെ മാറ്റിവെച്ചിട്ട് പിന്നീട് ഒരിക്കലും ഹജ്ജിന് അവസരം ലഭിക്കാതിരുന്നാൽ ആ നഷ്ടപ്പെടുത്തിയ സമയത്തിന് അയാൾ പടച്ചവനോട് മറുപടി പറയേണ്ടി വരും. എന്നാൽ സർക്കാരിന്റെ അനുമതിയില്ലാതെ നമ്മൾ ഹജ്ജിന് പുറപ്പെടുന്നത് അധികാരികൾ അവിടെയൊരുക്കിയ സൗകര്യങ്ങൾ താളം തെറ്റിക്കാനും അതുവഴി യഥാർത്ഥ ഹാജിമാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്യുന്നതിനാൽ അങ്ങനെ അനധികൃതമായി ഹജ്ജ് ചെയ്യുന്നതിൽ നിന്ന് നമ്മൾ പിന്തിരിയണമെന്നും അതിന്റെ പ്രതിഫലത്തിൽ പോലും സംശയമുണ്ടെന്നും അദ്ദേഹം ഉണർത്തി.
സഹസ്രാബ്ദങ്ങൾക്ക് മുൻപ് നമ്മുടെ ആദർശപിതാവ് ഇബ്രാഹിം നബി നടത്തിയ ഒരു വിളിക്കുത്തരം നൽകിക്കൊണ്ടാണ് ഇന്നും ലോകത്തിന്റെ പല ഭാഗത്തു നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ ഹജ്ജിനെത്തുന്നത്. അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ഏക ഹജ്ജിൽ അദ്ദേഹത്തിൽ നിന്ന് ഓരോ കർമ്മങ്ങളും കണ്ടു പഠിക്കാൻ അനുചരന്മാരോട് ആഹ്വാനം ചെയ്തതിനാൽ ആ മാതൃക നമ്മൾ ഹജ്ജിലുടനീളം പാലിക്കണമെന്നും മറ്റു പുത്തൻ ആശയങ്ങളോ ആചാരങ്ങളോ അതിൽ കടത്തിക്കൂട്ടാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം ഹജ്ജിന് പോകുന്നവർ തങ്ങളുടെ പാപങ്ങൾ പൊറുക്കാൻ കരഞ്ഞുകൊണ്ട് അപേക്ഷിക്കണമെന്നും കുടുംബത്തിനും രാജ്യത്തിനും ലോകത്തിനുമെല്ലാം വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹാഫിദ് ഇസ്സുദ്ധീൻ സ്വലാഹി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇബ്രാഹിം നബിയുടെ പാതയിൽ നിന്ന് വ്യതിചലിക്കുന്നവർ വിഡ്ഢികളാണെന്ന ഖുർആൻ പരാമർശം ഹജ്ജിന്റെ സാഹചര്യത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.പ്രഭാഷണത്തിന് ശേഷം ഹജ്ജുമായി ബന്ധപ്പെട്ട് സദസ്യരുടെ ചോദ്യങ്ങൾക്ക് അലി ശാക്കിർ മുണ്ടേരി, ശിഹാബ് സലഫി എന്നിവർ മറുപടികൾ നൽകി.
അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ശിഹാബ് സലഫി സ്വാഗതഭാഷണം നടത്തുകയും നൂരിഷ വള്ളിക്കുന്ന് നന്ദിയറിയിക്കുകയും ചെയ്തു.