തായിഫ് – തായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ തായിഫ് ഗവര്‍ണര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, സെക്കന്റ് എയര്‍പോര്‍ട്ട് ക്ലസ്റ്റര്‍ സി.ഇ.ഒ എന്‍ജിനീയര്‍ അലി മസ്‌റഹി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രതിവര്‍ഷം അഞ്ചു ലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ പുതിയ ടെര്‍മിനല്‍ സഹായിക്കും. ഇതോടെ തായിഫ് എയര്‍പോര്‍ട്ടിന്റെ ആകെ പ്രതിവര്‍ഷ ശേഷി പത്തു ലക്ഷത്തിലേറെ യാത്രക്കാരായി ഉയര്‍ന്നു. പുതിയ ടെര്‍മിനല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെ പിന്തുണക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പുതിയ ടെര്‍മിനലില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 20 ലേറെ കൗണ്ടറുകളും ഏതാനും വ്യാപാര സ്ഥാപനങ്ങളും ബാങ്ക് ശാഖകളും ആറു ഗെയ്റ്റുകളുമുണ്ട്. ടെര്‍മിനലിന്റെ ആകെ വിസ്തൃതി 6,400 ചതുരശ്രമീറ്ററാണ്. 200 ലേറെ കാറുകള്‍ നിര്‍ത്തിയിടാന്‍ വിശാലമായ പാര്‍ക്കിംഗും ഇവിടെയുണ്ട്. അഞ്ചു മാസത്തിനുള്ളിലാണ് ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കായുള്ള ഇന്‍സ്റ്റിറ്റിയൂഷനല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിലെ അവസാന ഘട്ടമാണ് സെക്കന്റ് എയര്‍പോര്‍ട്ട് ക്ലസ്റ്റര്‍ കമ്പനി. സൗദിയിലെങ്ങുമായി 22 ആഭ്യന്തര, അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുമായി സെക്കന്റ് എയര്‍പോര്‍ട്ട് ക്ലസ്റ്റര്‍ കമ്പനി ബന്ധപ്പെട്ടിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group