ന്യൂഡൽഹി: സർക്കാർ രൂപീകരിക്കാനുള്ള ഇന്ത്യാ മുന്നണിയുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. സി.എ.എ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തുമെന്നും ഇക്കാര്യം പാർലമെന്റിൽ ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യാ സഖ്യം എൻ.ഡി.എയിൽ നിന്ന് ഉടൻ തന്നെ അധികാരം പിടിച്ചെടുക്കുമെന്ന സൂചന നൽകിയ അവർ സർക്കാരുകൾ ചില അപൂർവ്വ ഘട്ടത്തിൽ ഒരു ദിവസം മാത്രമേ നിലനിൽക്കൂവെന്നും പരിഹസിച്ചു. തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തന്റെ പാർട്ടി പങ്കെടുക്കില്ല.
മോഡിക്കും ബി.ജെ.പിക്കും ഇത്തവണ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു. 400 ലോക്‌സഭാ സീറ്റുകൾ സംസാരിച്ചവർക്ക് കേവല ഭൂരിപക്ഷം പോലും നേടാനായില്ല. ഈ തട്ടിക്കൂട്ട് സർക്കാർ പതിനഞ്ചു ദിവസമെങ്കിലും നിലനിൽക്കുമോ എന്ന് ആർക്കറിയാമെന്നും അവർ കളിയാക്കി. മികച്ച പ്രകടനത്തിലൂടെ പ്രതിപക്ഷ പോരാട്ടത്തിന് ശക്തി പകർന്ന കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ സഖ്യകക്ഷികൾക്ക് മമത നന്ദി അറിയിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായി മമത ബാനർജിയും ലോക്‌സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരുമെന്നും നേതൃത്വം വ്യക്തമാക്കി. കാകോലി ഘോഷാണ് ലോക്‌സഭ ഡെപ്യൂട്ടി ലീഡർ. കല്യാൺ ബാനർജി ചീഫ് വിപ്പും ഡെറിക് ഒബ്രിയാൻ രാജ്യസഭ കക്ഷി നേതാവുമായിരിക്കും.
പ്രതിപക്ഷ നിരയിൽ പാർലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയാണ് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലത്തിൽ 29 സീറ്റുകളിൽ വിജയിച്ചാണ് തൃണമൂൽ ശക്തി തെളിയിച്ചത്.