ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകള്‍, ട്രാഫിക് നിയമം അനുസരിച്ച് ഒടുക്കാനുള്ള നിയമാനുസൃത സാവകാശം അവസാനിച്ച ശേഷം ഡ്രൈവര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിടിക്കാനുള്ള നീക്കം ബാങ്ക് അക്കൗണ്ടുകളെയും അക്കൗണ്ടുകളിലുള്ള ബാലന്‍സ് തുകയെയും ബാധിക്കില്ലെന്ന് നിയമോപദേഷ്ടാവും അഭിഭാഷകനുമായ ഖാലിദ് ബഖീത്ത് പറഞ്ഞു.
നിയമ ലംഘനത്തിന് ചുമത്തിയ പിഴ തുക മാത്രമാണ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിടിക്കുക. ശേഷിക്കുന്ന തുക പിന്‍വലിക്കാനും മറ്റു സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും തടസ്സമുണ്ടാകില്ലെന്ന് ഖാലിദ് ബഖീത്ത് പറഞ്ഞു. ട്രാഫിക് പിഴ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിടിക്കാനുള്ള നീക്കം അറിയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ്സുകള്‍ അയച്ചിരുന്നു.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴകള്‍ ചുമത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശവും ഇതിനു ശേഷം പിഴ അടക്കാനുള്ള സാവകാശവും അവസാനിച്ച ശേഷം ഡ്രൈവര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക നേരിട്ട് ഈടാക്കാന്‍ പുതിയ ട്രാഫിക് നിയമം അനുവദിക്കുന്നുണ്ട്.
പിഴ അടക്കാനുള്ള സാവകാശമായ 15 ദിവസം അവസാനിച്ച ശേഷം പിഴ തുകയില്‍ അനുവദിക്കുന്ന 25 ശതമാനം ഇളവ് ഡ്രൈവര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയില്ല.
പിഴ തുക അടക്കാന്‍ 90 ദിവസത്തെ അധിക സാവകാശം തേടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവകാശമുണ്ട്. ഇങ്ങിനെ അനുവദിക്കുന്ന അധിക സാവകാശം പിന്നിട്ട് 30 ദിവസം കഴിഞ്ഞ ശേഷവും പിഴ തുകയിളവ് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കില്ല.
ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും ആറു മാസത്തിനകം അടക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഏപ്രില്‍ 18 നു ശേഷം പൊതുസുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങളായ വാഹനാഭ്യാസ പ്രകടനം, ലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററായി നിശ്ചയിച്ച റോഡില്‍ നിശ്ചിത പരിധിയിലും 50 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററായി നിശ്ചയിച്ച റോഡില്‍ നിശ്ചിത പരിധിയിലും 30 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കില്ല.
നേരത്തെ ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഏപ്രില്‍ 18 നു ശേഷം നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം ഇളവ് നല്‍കാന്‍ തുടങ്ങിയത്. ഈ ഇളവ് ലഭിക്കാന്‍ നിയമം അനുശാസിക്കുന്ന സമയത്തിനകം പിഴ അടക്കല്‍ നിര്‍ബന്ധമാണ്.