കണ്ണൂർ – പാനൂർ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. പാനൂർ സ്വദേശി വിനീഷിനെയാണ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി. സ്ഫോടനത്തിൽ കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്നു വിനീഷ്.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. ബോംബ് നിർമാണത്തിന്റെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീട്ടിന്റെ തൊട്ടടുത്ത് നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. കേസിലെ രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദാണെന്നും പറയുന്നു. ഇടയ്ക്കിടെ ഈ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മാർച്ച് എട്ടിന് ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.