ന്യൂദൽഹി: രാജ്യത്തിന്റെ ജനഹിതം ബി.ജെ.പി അട്ടിമറിക്കുകയാണെങ്കിലും തക്കസമയത്ത് യുക്തമായ തീരുമാനം ഇന്ത്യാ മുന്നണി എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ദൽഹിയിൽ ഇന്ത്യാ മുന്നണിയുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പിയും ജനഹിതം അട്ടിമറിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ ഇന്ത്യാ സംഘം പ്രതിപക്ഷ ബഞ്ചിൽ ഇരിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി. ഫാഷിസ്റ്റ് ഭരണകൂടത്തെ ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമം ഇന്ത്യാ മുന്നണി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ബി.ജെ.പി ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഞങ്ങൾ ഉചിതമായ നടപടികൾ കൈക്കൊള്ളും- എല്ലാ സഖ്യകക്ഷികളും അംഗീകരിച്ച പ്രസ്താവന വായിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെയും ഇന്ത്യാ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ സൂചിപ്പിച്ചായിരുന്നു ഖാർഗെയുടെ
“നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതിക്കുംവേണ്ടിയുള്ള നിരവധി വ്യവസ്ഥകളോടുള്ള മൗലിക പ്രതിബദ്ധത പങ്കിടുന്ന എല്ലാ പാർട്ടികളെയും ഇന്ത്യൻ സഖ്യം സ്വാഗതം ചെയ്യുന്നുവെന്നും ഖാർഗെ പറഞ്ഞു.
“ജനാധിപത്യത്തിന്റെ വിധിയെഴുത്ത് പൂർണ്ണമായും മോഡിക്ക് എതിരാണ്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തിൻ്റെ സത്തയ്ക്കും ശൈലിക്കും എതിരാണ്. ധാർമ്മിക പരാജയം എന്നതിലുപരി വ്യക്തിപരമായും ഇത് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ നഷ്ടമാണ്-ഖാർഗെ പറഞ്ഞു.