കോഴിക്കോട്- സമുദായ ഐക്യം കാത്തുസൂക്ഷിച്ച് പ്രവർത്തിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വാട്സാപ്പുകളിലും സോഷ്യൽ മീഡിയയിലും വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള വാക്കുകളും വാചകങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം മുശാവറ യോഗത്തിൽ ആവശ്യപ്പെട്ടു. സമസ്ത നേതാക്കൾക്കെതിരെ പ്രസ്താവന ഇറക്കിയ ബഹാവുദ്ദീൻ നദ് വിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും തീരുമാനിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിവേണ്ടെന്ന് തീരുമാനിച്ചത്.
സമസ്തയിലെ തർക്കം തീർക്കാൻ സമവായ സമിതിയെയും തീരുമാനിച്ചു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും എതിർവിഭാഗവും തമ്മിലുള്ള തർക്കം തീർക്കാനാണ് സമിതിയെ നിശ്ചയിച്ചത്. ഇരുവിഭാഗവുമായും സമവായ സമിതി ചർച്ച നടത്തും.
വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. സമസ്ത സ്ഥാപക ദിനത്തില്‍ കോഴിക്കോട് നടക്കുന്ന പരിപാടി വിജയിപ്പിക്കാനും തങ്ങള്‍ മുശാവറ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യാമുന്നണിയുടെ വിജയം ഐക്യത്തോടും സ്‌നേഹത്തോടും പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നും മതേതരത്വത്തിന്റെ നിലനില്‍പ്പിനായി മുന്നോട്ടുപോകണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. അതിന് മുന്നോടിയായി നിരവധി പദ്ധതികളാണ് സമസ്ത ആസൂത്രണം ചെയ്തിട്ടുള്ളത്. അത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മുശാവറ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സമസ്തയുടെ സ്ഥാപകദിനം ഈ വരുന്ന ജൂണ്‍ ഇരുപത്തിയാറാം(26) തീയതി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. സമസ്തയുടെ പ്രവര്‍ത്തകരും നേതാക്കന്മാരും പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു.
വളരെ സന്തോഷത്തോടും ഐക്യത്തോടും കൂടി മുന്‍കാലങ്ങളിലുള്ളതുപോലെ പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. അതിന് വിരുദ്ധമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും തങ്ങള്‍ അഭ്യർത്ഥിച്ചു.