ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന. തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെയാളാണ് മോഡി. നേരത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഇന്ത്യയിൽ മൂന്നു തവണ തുടർച്ചയായി പ്രധാനമന്ത്രിയായത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മോഡി സന്ദർശിച്ചു. പ്രധാനമന്ത്രി പദവിയിൽനിന്നുള്ള രാജി കൈമാറിയ മോഡി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. 2014ൽ 282 സീറ്റുകളും 2019ലെ തിരഞ്ഞെടുപ്പിൽ 303 സീറ്റുകളും നേടിയ മോഡിയുടെ ഭാരതീയ ജനതാ പാർട്ടിക്ക് ഇത്തവണ 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് അംഗങ്ങൾ നേടിയ 53 സീറ്റുകളുടെ പിൻബലത്തിലാണ് മോഡി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നത്.
ഉത്തർപ്രദേശിലെ വാരാണസിയിലെ ലോക്‌സഭാ സീറ്റ് നിലനിർത്തിയ മോഡി, കോൺഗ്രസിൻ്റെ അജയ് റായിയെ ഒന്നരലക്ഷത്തിൽ താഴെ വോട്ടുകൾക്കാണ് തോൽപ്പിച്ചത്. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ വിജയം” എന്ന് വിശേഷിപ്പിച്ച മോഡി, മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ എൻ.ഡി.എ അവകാശവാദം ഉന്നയിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, എൻ.ഡി.എ പക്ഷത്തുള്ള ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ഇന്ത്യാ മുന്നണിയും സമീപിച്ചുവെന്നാണ് വിവരം. ഊഹാപോഹങ്ങളെ നിതീഷ് കുമാർ തള്ളിക്കളഞ്ഞെങ്കിലും ചർച്ച സജീവമാണ്. വോട്ടെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുമായി എൻ.ഡി.എയും ഇന്ത്യാ മുന്നണിയും ഇന്ന് ദൽഹിയിൽ സുപ്രധാന യോഗങ്ങൾ ചേരുന്നുണ്ട്.