ന്യൂദൽഹി: ‘പപ്പു’ എന്നു വിളിച്ചായിരുന്നു രാഹുൽ ഗാന്ധിയെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ബി.ജെപിയും പ്രധാന എതിരാളികളും പരിഹസിച്ചിരുന്നത്. 2014ലെയും 2019-ലെയും കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം രാഹുൽ ഗാന്ധിയിൽ വെച്ചുകെട്ടിയായിരുന്നു ആക്ഷേപങ്ങളേറെയും. എന്നാൽ 2024-ൽ ചിത്രം മാറിയിരിക്കുന്നു. മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിയെ ഒറ്റക്ക് ഭരിക്കാനുള്ള ശേഷിയില്ലാതാക്കിയതിന്റെ പിന്നിലെ കരുത്തുമായി പപ്പുവെന്ന വിളിയാൽ അധിക്ഷേപം നേരിട്ട രാഹുൽ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. പപ്പുവിൽനിന്ന് ചക്രവർത്തിയിലേക്കുള്ള കുടമാറ്റമാണ് ഈ തെരഞ്ഞെടുപ്പ് ചിത്രം തെളിയിക്കുന്നത്.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവുമായി കോൺഗ്രസ് 100 സീറ്റിലേക്ക് കുതിച്ചതിന് പിന്നിലെ പ്രധാനി രാഹുൽ തന്നെയാണ്. സഹോദരി പ്രിയങ്കയും. ഇരുവരും ഉത്തരേന്ത്യയിൽ നടത്തിയ തേരോട്ടമാണ് ബി.ജെ.പിയെ പിടിച്ചുകെട്ടിയത്.
ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തുടനീളം രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് തുടക്കമിട്ടത്. പൊതു ഇടപെടലുകൾ രാഹുലിനെ ജനങ്ങൾക്കിടയിൽ സ്വീകാര്യനാക്കി. രാഹുലിനെ കേൾക്കാൻ ജനം തയ്യാറായി. നായ്ക്കുട്ടികളെ ലാളിക്കുന്നതും ആളുകളെ കെട്ടിപ്പിടിക്കുന്നതും ട്രക്ക് ഡ്രൈവർമാരുമായും മെക്കാനിക്കുകളുമായും സംസാരിക്കുന്നതുമായ രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ രാഹുലിനെ ജനകീയനാക്കി.
പ്രിയങ്ക ഗാന്ധി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ഇതേസംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ മത്സരിക്കാതിരിക്കുന്നത് തന്റെ തീരുമാനമാണെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലായിരുന്നു പ്രിയങ്ക പങ്കെടുത്തത്. പ്രത്യേകിച്ച് അമേഠിയിലും റായ്ബറേലിയിലും.
ഇന്ത്യാ ബ്ലോക്കിൻ്റെ റാലികളെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിച്ചപ്പോൾ, കുടുംബ കോട്ടകളായ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിൻ്റെ പ്രചാരണത്തിന് പ്രിയങ്ക നേതൃത്വം നൽകി. രാഹുലിനെ സ്ഥിരമായി പരിഹസിക്കുന്ന സ്മൃതി ഇറാനിയെയാണ് ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മ അമേഠിയിൽ തോൽപ്പിച്ചത്. 2019-ലെ രാഹുൽ ഗാന്ധിയുടെ പരാജയത്തിനുള്ള മധുരപ്രതികാരം.
യു.പിയിലെ സീറ്റുകളിൽ പ്രിയങ്ക ഗാന്ധിയായിരുന്നു പാർട്ടിയുടെ തലച്ചോർ. ഗ്രാമസഭകളെ അഭിസംബോധന ചെയ്യുന്നത് മുതൽ പാർട്ടിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത് വരെ പ്രിയങ്കയായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാംപയിനർമാരിൽ ഒരാളായിരുന്നു പ്രിയങ്ക. സ്ത്രീകളുടെ മംഗളസൂത്രം എടുത്തുകളയാൻ കോൺഗ്രസിന് പദ്ധതിയുണ്ടെന്ന മോഡിയുടെ ആരോപണത്തിന് പ്രിയങ്ക ശക്തമായ മറുപടി നൽകിയത് ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടായി.
രാജ്യം സ്വതന്ത്രമായി 70 വർഷമായി, 55 വർഷം കോൺഗ്രസ് ഭരിച്ചു, നിങ്ങളുടെ സ്വർണ്ണമോ മംഗളസൂത്രമോ ആരെങ്കിലും തട്ടിയെടുത്തോ? യുദ്ധം നടക്കുമ്പോൾ ഇന്ദിരാഗാന്ധി പറഞ്ഞു. എൻ്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി ത്യജിച്ചതാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
കോൺഗ്രസ് ഇത്തവണ 543-ൽ 328 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഇത്രയും കുറവ് സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നത് ഇതാദ്യമാണ്. 215 സീറ്റുകൾ ഇന്ത്യൻ സഖ്യകക്ഷികൾക്ക് വിട്ടുകൊടുത്തു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഇത്. രാഹുലിന്റെ നീക്കമാണ് ഇതിനും പിന്നിൽ.