മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ഭീഷണിയായി സമസ്തയിലെ ഒരുവിഭാഗം ഉയർത്തിയ എതിർപ്പ് ഏശിയില്ലെന്നാണ് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ ഫലം തെളിയിക്കുന്നത്. മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന പൊന്നാനിയിലും മലപ്പുറത്തും ശക്തമായ പ്രചാരണമാണ് സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം പരോക്ഷമായി നടത്തിയത്. ഫലം പുറത്തുവരുമ്പോൾ എതിർപ്പ് ലീഗിനെയും യു.ഡി.എഫിനെയും ബാധിച്ചിട്ടില്ലെന്നുവേണം കരുതാൻ.
മുസ്ലിം ലീഗിൽനിന്ന് പുറത്തായ കെ.എസ് ഹംസയെ പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയാണ് ഇടതുമുന്നണി പരീക്ഷണം നടത്തിയത്. ഡോ.കെ.ടി ജലീൽ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണം. സമസ്തയുടെ ഒരു വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഇവിടെ വിജയിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച കെ.എസ് ഹംസക്ക് സമദാനിക്കെതിരെ വെല്ലുവിളി ഉയർത്താൻ പോലുമായില്ല എന്നതാണ് ശ്രദ്ധേയം.
പൊന്നാനിയിൽനിന്ന് മലപ്പുറത്തേക്ക് മാറിയ ഇ.ടി മുഹമ്മദ് ബഷീറിനെതിരെയും കാര്യമായ പ്രചാരണങ്ങളുണ്ടായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഇ.ടി മുഹമ്മദ് ബഷീറും മുന്നിട്ടുനിന്നു. സമസ്തയിലെ ഒരു വിഭാഗത്തെ മുൻനിർത്തിയുള്ള സിപി.എമ്മിന്റെയും കെ.ടി ജലീലിന്റെ തന്ത്രം പാളിയെന്നാണ് ഇരുമണ്ഡലങ്ങളിലെയും ഫലം തെളിയിക്കുന്നത്.
മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ലീഗിന് മലപ്പുറത്തും പൊന്നാനിയിലും എസ്.ഡി.പി.ഐയുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണ ലഭിച്ചിരുന്നു. പൊന്നാനിയിൽ പാർട്ടിക്ക് അതീതമായ വോട്ടുകളും സമദാനിക്ക് ലഭിച്ചു.