ന്യൂദൽഹി: വോട്ടെണ്ണൽ ദിനത്തിലെ ഞെട്ടിക്കുന്ന ട്രെൻഡുകളിൽ ഒന്നാം റാങ്കിൽ ഉത്തർപ്രദേശാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി ഏകദേശം മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ, കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വലിയ കോട്ടയായി അറിയപ്പെട്ട യു.പിയിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യാ ബ്ലോക്കും തമ്മിലുള്ള ഇതിഹാസ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ 80 സീറ്റുകളിൽ 62 എണ്ണവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേടി, അന്നത്തെ സഖ്യകക്ഷികളായ ബിഎസ്‌പിയും സമാജ്‌വാദി പാർട്ടിയും യഥാക്രമം 10, അഞ്ച് സീറ്റുകളാണ് നേടിയത്. രാഹുൽ അടക്കം അമേഠിയിൽ തോറ്റു.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബ കോട്ടകളായ അമേഠിയും റായ്ബറേലിയും അഭിമാന പോരാട്ടങ്ങൾക്കുള്ള ഇടമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേഠിയിൽ രാവിലെ 11 മണിവരെയുള്ള കണക്കനുസരിച്ച്, ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തയായ കോൺഗ്രസിൻ്റെ കിഷോരി ലാൽ ശർമ്മയേക്കാൾ പിന്നിലാണ് ഇറാനി. റായ്ബറേലിയിൽ രാഹുൽ 60,000 വോട്ടുകൾക്ക് മുന്നിലാണ്.
എക്‌സിറ്റ് പോളുകൾ നേരത്തെ ഉത്തർപ്രദേശിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകിയിരുന്നുവെങ്കിലും ഇന്ത്യൻ ബ്ലോക്ക് നേതാക്കൾ പ്രവചനങ്ങൾ തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി വരെ ഒരു ഘട്ടത്തിൽ വരാണസയിൽ പിറകിൽ പോയിരുന്നു.