മക്ക – ഹജിനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായി നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും വിലകള്‍ നിരീക്ഷിക്കാനും മക്കയിലെയും മദീനയിലെയും വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ ഫീല്‍ഡ് പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണമേന്മയും ലഭ്യതയും നിത്യോപയോഗ വസ്തുക്കളുടെ സ്റ്റോക്കും വിലകളും നിരീക്ഷിക്കാനും ഉറപ്പുവരുത്താനും മക്കയിലെയും മദീനയിലെയും 33,000 ലേറെ വ്യാപാര സ്ഥാപനങ്ങള്‍ മന്ത്രാലയം ശക്തമായി നിരീക്ഷിക്കുന്നു.
ഭക്ഷ്യവസ്തുക്കളും മറ്റു ഉപഭോക്തൃ ഉല്‍പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളിലും ജ്വല്ലറികളിലും പെട്രോള്‍ ബങ്കുകളിലും സര്‍വീസ് സെന്ററുകളിലും ടയര്‍ കടകളിലും പരിശോധനകള്‍ നടത്തുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, ഭക്ഷ്യവസ്തുക്കളും മറ്റും മൊബൈല്‍ രീതിയില്‍ വില്‍പന നടത്തുന്ന വാഹനങ്ങള്‍ എന്നിവയും ശക്തമായി നിരീക്ഷിക്കുന്നുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ ഹജ് പദ്ധതി പ്രകാരം, മക്ക, മദീന, പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ഭക്ഷണ വിതരണ സാഹചര്യത്തെ കുറിച്ച് പ്രതിദിന റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുകയും വിലകള്‍ നിരീക്ഷിക്കുകയും നിയമ ലംഘനങ്ങളില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.