റിയാദ്- കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ശുബ്ര യൂണിറ്റ് മുന്‍ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം കുട്ടിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. എറണാകുളം കളമശ്ശേരിയില്‍ നടന്ന പരിപാടിയില്‍ സിപിഐ എം കരുമാലൂര്‍ ലോക്കല്‍ സെക്രട്ടറി കെഎ രവി അധ്യക്ഷത വഹിച്ചു. സിപിഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി കെബി വര്‍ഗീസ് ഇബ്രാഹിം കുട്ടിയുടെ കുടുംബത്തിന് ഫണ്ട് കൈമാറി.
റിയാദിലെ ബദിയ ശുബ്രയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇബ്രാഹിം കുട്ടി കേളി കലാസാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിതാവിന്റെ അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി, തിരികെ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ശ്വാസം തടസ്സം അനുഭവപ്പെട്ടത്.
തുടര്‍ന്ന് ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിക്കുന്നത്. തുടര്‍ ചികിത്സ നടത്തിയെങ്കിലും ഒരു വര്‍ഷത്തിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇബ്രാഹിം കുട്ടി.
കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ഏരിയ കമ്മിറ്റി അംഗം ടി പി ഷാജി, മാഞ്ഞാലി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സുരേഷ്, വാര്‍ഡ് മെമ്പര്‍ സബിത നാസര്‍, കരുമാലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നിസാര്‍ പിഎസ്, പ്രവാസി സംഘം മാഞ്ഞാലി യൂണിറ്റ് സെക്രട്ടറി എം എം ഹാരിസ്, കേളി കേന്ദ്ര കമ്മിറ്റി അംഗം കിഷോര്‍ ഇ നിസാം, ബദിയ ഏരിയ ട്രഷറര്‍ മുസ്തഫ, കേളി സൈബര്‍ വിങ് കണ്‍വീനറായിരുന്ന മഹേഷ് കൊടിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കേളി കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാഞ്ഞാലി ഈസ്റ്റ് സെക്രട്ടറി സുരേഷ് നന്ദി പറഞ്ഞു.