അബുദാബി – യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും അബുദാബിയില്‍ ചര്‍ച്ച നടത്തി. മധ്യപൗരസ്ത്യദേശത്തെ പുതിയ സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ അനന്തര ഫലങ്ങളും അടക്കം പൊതുതാല്‍പര്യമുള്ള നിരവധി പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങള്‍ കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു.
ഗാസയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങളോടുള്ള പ്രതികരണം ശക്തിപ്പെടുത്തല്‍, അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് സാധാരണക്കാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കല്‍, ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കല്‍ എന്നിവയെ കുറിച്ചും യു.എ.ഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി. ഗാസ യുദ്ധത്തിന് അറുതി വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ഇരു വിഭാഗവും വിശകലനം ചെയ്തു.
മേഖലയില്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് തടയാനും സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാനും ഗാസയിലെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഗൗരവത്തായ പദ്ധതികള്‍ക്കും ശ്രമങ്ങള്‍ക്കുമുള്ള പിന്തുണ യു.എ.ഇ പ്രസിഡന്റും ഖത്തര്‍ അമീറും പ്രകടിപ്പിച്ചു. ഗാസയില്‍ സത്വരവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും ഇരുവരും പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇന്നാണ് ഖത്തര്‍ അമീറും സംഘവും അബുദാബിയിലെത്തിയത്. അബുദാബി പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടിലെത്തിയ ഖത്തര്‍ അമീറിനെയും സംഘത്തെയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഊഷ്മളമായി സ്വീകരിച്ചു.