ജിദ്ദ – ഉത്തര ജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് കാണാതായവര്‍ക്കു വേണ്ടി മൂന്നാം ദിവസവും സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലുകളിലൂടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. ഒരു സ്ത്രീയെയും അവരുടെ കുഞ്ഞിനെയും ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരുമായുള്ള ആശയവിനിമയം മുറിഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇവരുടെ ശബ്ദങ്ങളൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. റെഡ് ക്രസന്റ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലന്‍സുകളും സ്ഥലത്ത് തമ്പടിക്കുന്നുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പരിക്കുകളോടെ രക്ഷിക്കുന്നവരെ സ്വീകരിക്കാന്‍ ജിദ്ദയിലെ ഭൂരിഭാഗം ആശുപത്രികളും തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നവര്‍ക്കിടയില്‍ മൂന്നു സന്നദ്ധ സംഘടനകള്‍ വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ വിദഗ്ധരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group