ജിദ്ദ – ഗാസയില്‍ സത്വര വെടിനിര്‍ത്തലും ഇസ്രായില്‍ സൈന്യത്തിന്റെ പൂര്‍ണ പിന്‍മാറ്റവും അഭയാര്‍ഥികളുടെ മടക്കവും ലക്ഷ്യമിട്ട് നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രി വ്യക്തമാക്കിയത്. ശാശ്വതമായ വെടിനിര്‍ത്തല്‍ കൈവരിക്കുകയും ഫലസ്തീന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുകയും ചെയ്യുന്ന എല്ലാ നിര്‍ദേശങ്ങളും ഗൗരവമായി കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് സൗദി വിദേശ മന്ത്രി അമേിക്കന്‍ വിദേശ മന്ത്രിയോട് പറഞ്ഞു. ഗാസയിലെ സ്ഥിതിഗതികള്‍ ആന്റണി ബ്ലിങ്കനുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വിശകലനം ചെയ്തു. ഗാസയില്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ പിന്തുണ വിദേശ മന്ത്രി ഊന്നിപ്പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ബന്ദി കൈമാറ്റത്തിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ചും സൗദി, അമേരിക്കന്‍ വിദേശ മന്ത്രിമാര്‍ വിശകലനം ചെയ്തു.
ഗാസയില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കാന്‍ മൂന്നു ഘട്ടങ്ങളായി വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹമാസിനുള്ള ഇസ്രായില്‍ നിര്‍ദേശം വെള്ളിയാഴ്ച ജോ ബൈഡന്‍ മുന്നോട്ടുവെച്ചിരുന്നു. വെടിനിര്‍ത്തല്‍, ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കല്‍, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവ ഇസ്രായില്‍ മുന്നോട്ടുവെച്ച് അമേരിക്ക പ്രഖ്യാപിച്ച ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. നാലര പേജുള്ള പദ്ധതി അവലോകനത്തിനായി ഹമാസിന് അയച്ചുകൊടുത്തതായും ഹമാസ് ഇതിനകം അംഗീകരിച്ച നിര്‍ദേശത്തിന് ഏതാണ്ട് സമാനമാണ് പുതിയ പദ്ധതിയെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പദ്ധതിയെ പിന്തുണക്കുന്നതായും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പദ്ധതി പ്രകാരമുള്ള ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. പൂര്‍ണവും സമഗ്രവുമായ വെടിനിര്‍ത്തല്‍, ഗാസയില്‍ മുഴുവന്‍ ജനവാസ പ്രദേശങ്ങളില്‍ നിന്നും ഇസ്രായില്‍ സൈന്യത്തിന്റെ പിന്‍മാറ്റം, നൂറു കണക്കിന് ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനു പകരം സ്ത്രീകളും പ്രായംചെന്നവരും പരിക്കേറ്റവരും അടക്കം ഏതാനും ഇസ്രായിലി ബന്ദികളെ വിട്ടയക്കല്‍ എന്നിവ ഒന്നാം ഘട്ടത്തില്‍ അടങ്ങിയിരിക്കുന്നു. ഈ ഘട്ടത്തില്‍ ഗാസയിലെങ്ങും സാധാരണക്കാരായ ഫലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്കും പ്രദേശങ്ങളിലേക്കും മടങ്ങും. ഗാസയില്‍ പ്രവേശിപ്പിക്കുന്ന റിലീഫ് വസ്തുക്കള്‍ വഹിച്ച ട്രക്കുകളുടെ പ്രതിദിന എണ്ണം 600 ആയി ഉയര്‍ത്തും. കരാറിലെത്തിച്ചേര്‍ന്നാലുടന്‍ ആദ്യ ഘട്ടം ആരംഭിക്കും.
രണ്ടാം ഘട്ടത്തില്‍ ആക്രമണങ്ങള്‍ക്ക് ശാശ്വതമായ അന്ത്യമാകും. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക് എത്താനുള്ള ചര്‍ച്ചകള്‍ക്ക് ആറാഴ്ചയിലേറെ സമയമെടുത്തേക്കും. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇസ്രായില്‍ ആഗ്രഹിക്കുന്നു. ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ക്ക് ആറാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്ന പക്ഷം ചര്‍ച്ചകള്‍ തുടരുന്ന കാലത്തോളം വെടിനിര്‍ത്തലും തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. ഇത് മുന്‍ നിര്‍ദേശങ്ങളില്‍ നിന്നുള്ള പുതിയ പുരോഗതിയാണ്. രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് എല്ലാ കരാറുകളിലും എത്തിച്ചേരുന്നതു വരെ ഈ കാലയളവില്‍ അമേരിക്കയും ഖത്തറും ഈജിപ്തും ചര്‍ച്ചകളുടെ തുടര്‍ച്ച ഉറപ്പാക്കും. രണ്ടാം ഘട്ടത്തില്‍ പുരുഷ സൈനികര്‍ ഉള്‍പ്പെടെ ജീവനോടെ ശേഷിക്കുന്ന മുഴുവന്‍ ബന്ദികളെയും വിട്ടയക്കുകയും ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുകയും ചെയ്യും. ഹമാസ് അതിന്റെ ബാധ്യതകള്‍ നിറവേറ്റുന്ന കാലത്തോളം താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആക്രമണങ്ങള്‍ക്കുള്ള ശാശ്വത വിരാമമായി മാറും.
മൂന്നാം ഘട്ടത്തില്‍ ഗാസ പുനര്‍നിര്‍മാണ പദ്ധതി ആരംഭിക്കുകയും കൊല്ലപ്പെട്ട ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യും. എട്ടു മാസത്തിനിടെ ഹമാസിനെ ഇസ്രായില്‍ തകര്‍ത്തു. ഈ ഘട്ടത്തില്‍ ഒക്‌ടോബര്‍ ഏഴിന് നടത്തിയതു പോലുള്ള മറ്റൊരു ആക്രമണം നടത്താന്‍ ഹമാസിന് കഴിയില്ല. വീണ്ടും ആയുധമണിയാന്‍ ഹമാസിനെ അനുവദിക്കാത്ത വിധത്തില്‍ അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഗാസ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകും. ഗാസയിലെ വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ അമേരിക്ക പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. ഗാസ യുദ്ധം 23 ലക്ഷത്തോളം പേരെ അഭയാര്‍ഥികളാക്കുകയും പട്ടിണി വ്യാപകമാക്കുകയും ചെയ്തിട്ടുണ്ട്.