ജിദ്ദ: കിംഗ്സ് കപ്പിന്റെ ആവേശഫൈനലിന് സാക്ഷിയാകാൻ പതിനായിരങ്ങൾ ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിലെത്തി. രാത്രി ഒമ്പതിന് ആരംഭിക്കുന്ന മത്സരം കാണാൻ അഞ്ചുമണിയോടെ തന്നെ കാണികൾ സ്റ്റേഡിയത്തിലേക്ക് പ്രവഹിച്ചു. ആവേശക്കാഴ്ചകളാണ് സ്റ്റേഡിയത്തിലുടനീളം ദൃശ്യമാകുന്നത്. മഞ്ഞ നിറത്തിൽ അൽ നസ്റും നീലയിൽ ഹിലാലും സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനത്തിൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഏറ്റുമുട്ടും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫൈനൽ മത്സരത്തിന് സാക്ഷിയാകാൻ സ്റ്റേഡിയത്തിലെത്തും. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ക്രിസ്റ്റാനോ റൊണാൾഡോ അനൽ നസ്റിന് വേണ്ടി കളത്തിലിറങ്ങും. അതേസമയം ഹിലാൽ നിരയെ ആവേശത്തിലാറാടിക്കാൻ നെയ്മറുമുണ്ടാകും. നെയ്മർ മത്സരത്തിനിറങ്ങുന്നില്ലെങ്കിലും മൈതാനത്തിന്റെ അതിർത്തിവരയിലുണ്ടാകും.
ഫുട്‌ബോള്‍ എന്നത് സൗദിയിലെ ഓരോ കുട്ടിയുടേയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ 1957 ലാണ് കിംഗ്‌സ് കപ്പിന് കിക്കോഫ് നടത്തിയതെന്നോര്‍ക്കുക. ഫുട്‌ബോള്‍ ഭൂപടത്തില്‍ ഈ രാജ്യം അടയാളപ്പെടുത്തിയ പ്രാധാന്യം ഇതില്‍ നിന്നുതന്നെ വ്യക്തമാകും. 1990 വരെ നീണ്ടു നിന്ന കിംഗ്‌സ് കപ്പ് കളികള്‍ ഇടക്കാലത്ത് ഒന്നു നിലച്ചുപോവുകയും വീണ്ടും പതിനേഴുവര്‍ഷത്തിനു ശേഷം സജീവമാകുകയും ചെയ്തു. പ്രൊഫഷണല്‍ ലീഗ് മല്‍സരങ്ങളില്‍ ഫൈനല്‍ റൗണ്ടിലെത്തിയ ആറു ടീമുകളെ വെച്ചുള്ള മല്‍സരം കാണാന്‍ ആയിരങ്ങളാണ് അക്കാലങ്ങളില്‍ ഇരച്ചെത്തിയത്. ക്രൗണ്‍ പ്രിന്‍സ് കപ്പ് എന്നറിയപ്പെട്ടിരുന്ന ട്രോഫി 2014 മുതലാണ് കിംഗ്‌സ് കപ്പായി മാറുന്നത്.
153 ടീമുകള്‍ ഇത് വരെയായി കിംഗ്‌സ് കപ്പ് മല്‍സരങ്ങളില്‍ മാറ്റുരച്ചു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കള്‍ അല്‍ഹിലാലായിരുന്നു. സൗദി പ്രൊലീഗ് മല്‍സരങ്ങളില്‍ പതിമൂന്നുതവണയാണ് അല്‍ഹിലാല്‍ വിജയകിരീടം ചൂടിയത്. ഒരു തവണ ഇവര്‍ ജനറല്‍ ലീഗ് ഷീല്‍ഡും ഒരു തവണ സൂപ്പര്‍ കപ്പും കരസ്ഥമാക്കിയിട്ടുണ്ട്.
5.5 മില്യണ്‍ റിയാലാണ് കിംഗ്‌സ് കപ്പ് വിജയികള്‍ക്ക് ലഭിക്കുന്ന പ്രൈസ് മണി. റണ്ണര്‍ അപ്പിന് നാലു മില്യണ്‍ റിയാലും. ഒരു പക്ഷേ കായികരംഗത്ത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള സമ്മാനത്തുക. ജിദ്ദ അള്‍ഫലാഹ് സ്‌കൂളിലെ കളിക്കമ്പക്കാരായ കുറച്ചുകുട്ടികളുടെ സ്വപ്‌നത്തില്‍ വിരിഞ്ഞ ടീമാണ് പിന്നീട് സൗദിയുടെ യശസ്സുയര്‍ത്തിയ അല്‍ഹിലാല്‍ ടീമായി മാറിയത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍നസര്‍ ക്ലബ് ഒമ്പത് തവണ പ്രൊ ലീഗ് കിരീടം നേടിയിട്ടുണ്ട്. മൂന്നു തവണ ക്രൗണ്‍ പ്രി്ന്‍സ് ട്രോഫിയും അല്‍നസറിന് സ്വന്തമായിരുന്നു. മരുഭൂമിയിലെ പെലെ എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന മാജിദ് അബ്ദുല്ല, സഹ കളിക്കാരായ ഫഹദ് അല്‍ ഹെറാഫി, മുഹൈസിന്‍ അല്‍ ജമാല്‍ എന്നീ താരങ്ങളുടെ കളിപ്പെരുമയില്‍ അല്‍നസര്‍ വിജയക്കൊടി നാട്ടിയത് പഴയ ചരിത്രം. രണ്ടു തവണ സൂപ്പര്‍ കപ്പ് ടൈറ്റില്‍ പദവിയും അല്‍ നസറിന് ലഭിച്ചിട്ടുണ്ട്.
2022 ലാണ് ലോക ഫുട്‌ബോളിന്റെ പോര്‍മുഖത്ത് തീക്കാറ്റ് അഴിച്ചുവിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നായകനാക്കി അല്‍നസര്‍ ടീം വിശ്വപ്പെരുമയിലേക്കുയര്‍ന്നത്. പറങ്കിപ്പടയുടെ പതിനെട്ടടവും സൗദിയിലെ യുവതയെ അഭ്യസിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ടീമിനെ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തെത്തിച്ചു.