കണ്ണൂർ – മണൽ കടത്തിന് പോലീസ് ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതായി വിജിലൻസ് റിപ്പോർട്ട്. വളപട്ടണം എ.എസ്.ഐ അനിഴനെതിരെയാണ് വിജിലൻസ് കണ്ടെത്തൽ. വളപട്ടണം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വിജിലൻസ് സംഘം റെയ്‌ഡ് നടത്തിയിരുന്നു. നാലംഗ വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയിരുന്നത്. ഈ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിലാണ് കൈക്കൂലി സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്.
മണൽ കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയുടെ വിവരം ചോർത്തി നൽകി മണൽ മാഫിയയിൽ നിന്നും പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കൈക്കൂലി ഗൂഗിൾ പേ വഴി വാങ്ങിയ തെളിവുകൾ ലഭിച്ചതായും വിജിലൻസ് സംഘം പരിശോധനയിൽ കണ്ടെത്തി.
മണൽവാരാൻ ഉപയോഗിക്കുമ്പോൾ പിടിച്ചെടുത്ത മോട്ടോറുകൾ പൊലീസ് വിൽപ്പന നടത്തിയെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
നേരത്തെയും വളപട്ടണം സ്റ്റേഷനെ സംബന്ധിച്ച് സമാനമായ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന. സംഘം, സ്റ്റേഷനിലെ കൂടുതൽ രേഖകൾ പരിശോധിക്കുകയും സിഐ, എസ്ഐ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പരിശോധനയിൽ മണൽ മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ പോലീസ് ദ്യോഗസ്ഥർക്കെതിരെ വകുപ്പ്‌തല നടപടി ഉണ്ടായേക്കും.
വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്‌തുകൊണ്ട് വിജിലൻസ് ഡയറക്ടർക്ക് അന്വേ ഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകും. വിജിലൻസി ഡി.വൈ.എസ്.പി മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇതിൽ മണൽമാഫിയാ സംഘത്തിനെ സഹായിക്കുന്ന പൊലീസു ഉദ്യോഗസ്ഥർക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചിരുന്നു. വളപട്ടണം പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങൾ സ്റ്റേഷനിൽനിന്ന് കാണാതായെന്ന പരാതി ഉൾപ്പെടെ വന്നതിനെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.
മണൽ മാഫിയ സംഘങ്ങൾക്ക് സ്റ്റേഷൻ വിവരങ്ങൾ ഉൾപ്പെടെ നൽകിയിരുന്നതായും, ചില ഉദ്യോഗസ്ഥർ ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തതിൻ്റെ തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. വളപട്ടണം പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങൾ മണൽമാഫിയ സംഘത്തിന് മറിച്ചുവിൽക്കാൻ യുവ എസ് ഐ. എ.എസ്.ഐക്ക് നിർദേശം നൽകുന്ന വാട്സാപ് സദേശവും, മണൽ മാഫിയാസംഘവും എ.എസ്.ഐ യുമായി നടത്തിയ പണമിടപാടിൻ്റെ തെളിവുകളും വിജിലൻസ് ശേഖരിച്ചു.
മണൽ മാഫിയകളിൽ നിന്ന് പണം വാങ്ങിയിട്ടും അനധികൃതമായി കടത്തിയ പുഴി പോലീസ് പിടികൂടിയതിനാൽ മണൽ മാഫിയാ സംഘം തന്നെ പരാതി നൽകിയതെന്നാണ് സൂചന.