ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുള്ള സ്‌പെയിനിന്റെയും നോര്‍വേയുടെയും അയര്‍ലന്റിന്റെയും സ്ലോവേനിയയുടെയും തീരുമാനം പ്രത്യാശ നല്‍കുന്ന ശരിയായ തീരുമാനമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ശരിയായ സമയത്തെ ഉചിതമായ തീരുമാനമാണിത്. ഈ രാജ്യങ്ങള്‍ ചരിത്രത്തിന്റെയും നീതിയുടെയും ശരിയായ വശത്തായിരിക്കാന്‍ തീരുമാനിച്ചതായി സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ അറബ്, ഇസ്‌ലാമിക് മന്ത്രിതല കമ്മിറ്റി പത്രസമ്മേളനത്തില്‍ സൗദി വിദേശ മന്ത്രി പറഞ്ഞു. സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള വിളക്കുമാടമാകാന്‍ ഇത് നിങ്ങള്‍ക്ക് അനുയോജ്യമായ നിമിഷമാണ്. മറ്റു രാജ്യങ്ങളും നിങ്ങളുടെ പാത പിന്തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് പ്രതീക്ഷ ആവശ്യമാണ്. നിങ്ങള്‍ സ്വീകരിച്ച ഈ ചുവടുവെപ്പ് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.
ഫലസ്തീന്‍, ഇസ്രായില്‍ സംഘര്‍ഷത്തിന് പരിഹാരമായി ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാന്നിധ്യം മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ സഹായിക്കും. ഗാസയില്‍ മാനുഷിക ദുരന്തം തുടരുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. മുന്നോട്ടുള്ള പാത സമാധാനത്തിലേക്കുള്ള പാതയാണ്. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യമാണ്. ഗാസയില്‍ ഉടനടി റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കണമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
സൗദി വിദേശ മന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ്, ഇസ്‌ലാമിക് മന്ത്രിതല കമ്മിറ്റിയെ മാഡ്രിഡില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തെ സ്‌പെയിന്‍ അംഗീകരിച്ചതിനെ യോഗാരംഭത്തില്‍ മന്ത്രിതല കമ്മിറ്റി പ്രശംസിച്ചു. ഗാസയിലും റഫയിലും ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും പര്യാപ്തമായ അളവിലും സുസ്ഥിരമായും ഗാസയിലെങ്ങും റിലീഫ് വസ്തുക്കള്‍ എത്തിക്കാനും നടത്തുന്ന ശ്രമങ്ങള്‍ യോഗം വിശകലനം ചെയ്തു. ഗാസയില്‍ മാനുഷിക ദുരന്തം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, ജറൂസലമില്‍ അടക്കം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ നടത്തുന്ന ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികള്‍ അവസാനിപ്പിക്കല്‍ എന്നിവയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, ഫലസ്തീന്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫ, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫൈദാന്‍, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ത്വാഹ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.