അച്ഛനെ കേസിൽ അറസ്റ്റ് ചെയ്തതിനുശേഷം ഈ പ്രപഞ്ചം പോലും തന്നെ ഒറ്റപ്പെടുത്തിയതായി അവൾക്ക് തോന്നിയിട്ടുണ്ടാവണം. അത്രമേൽ മനോവേദന അവളനുഭവിക്കുന്നതായി ആ മുഖം വിളിച്ചറിയിക്കുന്നുണ്ട്. അച്ഛനും അമ്മയും ബന്ധങ്ങളും വാത്സല്യത്തിന്റെ നീരുറവയാകേണ്ട അവരുടെ ജീവിതം, ഈ ദുരന്തം വന്നിറങ്ങുന്നതുവരെ എത്ര മനോഹരമായിരുന്നിരിക്കാം. അവളെ കേൾക്കാനും അവളുടെ സ്വപ്‌നങ്ങൾ പങ്കുവെക്കാനും ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. ഇപ്പോൾ അവളുടെ മനസ്സാകെ ശൂന്യതയാണ്. അല്ലെങ്കിലും നമ്മെ കേൾക്കാൻ ആളുകൾ ഇല്ലാതാകുമ്പോഴാണ് ഈ ലോകം സുന്ദരമല്ലെന്ന് നമുക്ക് തോന്നിത്തുടങ്ങുന്നത്.
നീതി നിർവഹണത്തിനിടയിലെ ചില കാഴ്ചകൾ ഓർമ്മകളിൽ നിന്നു മായ്ച്ചു കളയാനാകാത്ത നെരിപ്പോടുകളായി മനസ്സിൽ എരിഞ്ഞു നീറിക്കൊണ്ടിരിക്കാറുണ്ട്. നിയമവും മനുഷ്യത്വവും തമ്മിൽ സംഘർഷമുണ്ടാകുന്നത് നിയമപാലകരിൽ അന്തസ്സംഘർഷങ്ങൾ സൃഷ്ടിക്കുക പതിവാണ്. അത്തരം തീക്ഷ്ണമായ അനുഭവങ്ങളില്ലാത്ത നിയമപാലകർ കുറവായിരിക്കും.
മൂന്ന് വർഷം മുമ്പ് ലോകമാകെ കോവിഡ് താണ്ഡവമാടുന്ന സമയം. ജയിലിൽ നിന്നു തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെയുമായി തമിഴ്‌നാട്, നീലഗിരി ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഇൻസ്‌പെക്ടറെ കൂടാതെ ഞാനും ഒരു വനിതാ പോലീസും ഡ്രൈവറും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമൊന്നും ഒരു കച്ചവട സ്ഥാപനവും പ്രവർത്തിക്കാത്ത സാഹചര്യം. യാത്രയിൽ ഭക്ഷണമായി ഒരു ഫളാസ്‌ക് നിറയെ ചായയും കുറച്ച് അവിലും പഴവും പൊതിഞ്ഞ് ജീപ്പിൽ സൂക്ഷിച്ചിരുന്നു. പോലീസ് വാഹനം പോലും തമിഴ്‌നാട് അതിർത്തിയിലേക്ക് കടത്തിവിടുന്നത് സാനിറ്റൈസ് ചെയ്ത് വിശദമായ പരിശോധനകൾക്ക് ശേഷമാണ്.
അപൂർവങ്ങളിൽ അപൂർവമെന്ന് വേണമെങ്കിൽ പറയാവുന്ന കിരാതമായ കുറ്റകൃത്യം ചെയ്ത പ്രതിയെ കുറേനേരം അടുത്ത് കിട്ടിയതുകൊണ്ട്, കുറ്റകൃത്യത്തെക്കുറിച്ചും അതിന്റെ പ്രേരണയെകുറിച്ചുമൊക്കെ ഞാൻ അയാളോട് ചോദിച്ചുകൊണ്ടിരുന്നു. അതിനെല്ലാം ഭാവഭേദങ്ങളേതുമില്ലാതെ മറുപടി പറയുന്നുണ്ടായിരുന്നു.
ഞങ്ങൾ രാവിലെ 10 മണിക്ക് അയാളുടെ വീട് നിൽക്കുന്ന ആ ഗ്രാമത്തിലെത്തി. അയാൾ മലയാളിയാണെങ്കിലും ഇരട്ടക്കൊലപാതകം നടത്തിയതിന് ശേഷം തമിഴ്‌നാട്ടിലെ ഈ ഗ്രാമത്തിലേക്കയാൾ താമസം മാറ്റുകയായിരുന്നു. വിശാലമായൊരു വയൽ പ്രദേശത്ത് റോഡരികിലായി ഓട് മേഞ്ഞൊരു കൊച്ചുവീട്. അക്ഷരാർത്ഥത്തിൽ പ്രകൃതിരമണീയമായ ഗ്രാമം. കൃഷി ചെയ്ത് ജീവിക്കുന്ന സാധാരണ ജനങ്ങൾ.
ഈ കേസിനെ കുറിച്ചറിഞ്ഞത് കൊണ്ടായിരിക്കാം ഞങ്ങളെ കണ്ടിട്ടും അങ്ങിങ്ങായി വീടുകളിൽ ഉണ്ടായിരുന്ന ആളുകളാരും അടുത്തേക്ക് വന്നില്ല. തണുപ്പ് പൂർണ്ണമായും വിട്ടുമാറിയിട്ടില്ലാത്ത ആ പ്രഭാതത്തിൽ ഞങ്ങൾ ചുറ്റുമൊരു വിഗഹവീക്ഷണം നടത്തി. പരന്നുകിടക്കുന്ന കൃഷിയിടത്തിൽ നിറയെ വാഴ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നു. കൃഷിയിടങ്ങളിൽ അവിടവിടെയായി സ്ത്രീകളും പുരുഷന്മാരും കാർഷിക വേലകൾ ചെയ്തുകൊണ്ടിരിക്കുന്നു. ഒരു കർഷക ഗ്രാമത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തുചേർന്ന മനോഹരമായൊരു പ്രദേശം. അയാളവിടെ ചെറിയ കൃഷികളൊക്കെ ചെയ്ത് ജീവിക്കുമ്പോഴാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച പ്രമാദമായ കേസിൽ അവിടെ നിന്നുമയാളെ അറസ്റ്റ് ചെയ്യുന്നത്.
ഞങ്ങളയാളെ ജീപ്പിൽ നിന്നിറക്കി ആ കൊച്ചു വീടിന്റെ മുറ്റത്തേക്ക് കയറിച്ചെന്നു. പോലീസ് ജീപ്പ് നിർത്തിയപ്പോൾ തന്നെ അയാളുടെ ഭാര്യ മുറ്റത്തേക്കിറങ്ങി വന്നു. ഞങ്ങളുടെ ആഗമനോദ്ദേശം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി, ഞങ്ങൾ ഒന്നിച്ചു അകത്തേക്ക് കയറിപ്പോയി. ആ ചെറിയ സിറ്റൗട്ടും കടന്ന് പ്രവേശിക്കുന്ന ഡൈനിങ് ഹാളിൽ മൂലയിലായി ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടു. അയാളുടെ പ്ലസ് വണ്ണിന് പഠിക്കുന്ന മകളായിരുന്നു അതെന്നു മനസ്സിലായി. കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയ സീലിംഗ് ഫാൻ ആ വീടിന്റെ ബാത്‌റൂമിന് മുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് മൊഴി തന്നതുകൊണ്ട് ആ ഫാൻ ബന്തവസ്തിലെടുക്കാനും തെളിവെടുപ്പിനും വേണ്ടിയാണ് പ്രതിയെയുമായി ഞങ്ങളവിടെ ചെന്നത്.
മധ്യവയസ്‌കയായ അയാളുടെ ഭാര്യ വികാരനിർഭരമായി അയാളോട് പലതും ചോദിക്കുന്നുണ്ടായിരുന്നു. തന്റെ ഭർത്താവ് യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ആ സ്ത്രീ ഞങ്ങളെ നോക്കി പിറുപിറുത്തു കൊണ്ടിരുന്നു. ഇത് കേസന്വേഷണത്തിനിടയിലെ പതിവ് കാഴ്ചകളായതിനാൽ ഞങ്ങളിലത് പ്രത്യേക വികാരങ്ങളൊന്നുമുണ്ടാക്കിയില്ല. ഞങ്ങളങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ആ പെൺകുട്ടി മുറിയുടെ ഒരു മൂലയിൽ കൽപ്രതിമ കണക്കെ നിശ്ചേഷ്ടയായി അവളുടെ അച്ഛന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പത്തുപതിനേഴു വർഷം ലാളിച്ചുവളർത്തിയ തന്റെ പ്രിയപ്പെട്ട അച്ഛനെ കണ്ടിട്ടും ഒന്നുമുരിയാടാനാകാതെയുള്ള അവളുടെ നിൽപ്പും ആ കണ്ണുകളിലെരിയുന്ന ആ തീക്ഷ്ണ ഭാവവും കണ്ട് എന്റെ മനസ്സ് പിടഞ്ഞു.
ആ കുട്ടിയോട് അവളുടെ പഠനകാര്യങ്ങളെ കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് ഏറ്റവും പതിഞ്ഞതും ഇടറിയതുമായ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ദുഃഖം ഘനീഭവിച്ച സംസാരം ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നുണ്ടായിരുന്നു. ഏറെ നിറമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി തുള്ളിച്ചാടി നടക്കേണ്ട പ്രായത്തിൽ അവൾ എത്തിപ്പെട്ട ഏറ്റവും ദുസ്സഹമായ അവസ്ഥയിൽ ആ കുട്ടിയെ ഒന്ന് സമാധാനിപ്പിക്കാനും ഒരു പരിഹാരം നിർദ്ദേശിക്കുവാനുമാവാതെ ഞാൻ ധർമ്മസങ്കടത്തിലായി.
അച്ഛനെ കേസിൽ അറസ്റ്റ് ചെയ്തതിനുശേഷം ഈ പ്രപഞ്ചം പോലും തന്നെ ഒറ്റപ്പെടുത്തിയതായി അവൾക്ക് തോന്നിയിട്ടുണ്ടാവണം. അത്രമേൽ മനോവേദന അവളനുഭവിക്കുന്നതായി ആ മുഖം വിളിച്ചറിയിക്കുന്നുണ്ട്. അച്ഛനും അമ്മയും ബന്ധങ്ങളും വാത്സല്യത്തിന്റെ നീരുറവയാകേണ്ട അവരുടെ ജീവിതം, ഈ ദുരന്തം വന്നിറങ്ങുന്നതുവരെ എത്ര മനോഹരമായിരുന്നിരിക്കാം. അവളെ കേൾക്കാനും അവളുടെ സ്വപ്‌നങ്ങൾ പങ്കുവെക്കാനും ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. ഇപ്പോൾ അവളുടെ മനസ്സാകെ ശൂന്യതയാണ്. അല്ലെങ്കിലും നമ്മെ കേൾക്കാൻ ആളുകൾ ഇല്ലാതാകുമ്പോഴാണ് ഈ ലോകം സുന്ദരമല്ലെന്ന് നമുക്ക് തോന്നിത്തുടങ്ങുന്നത്.
ചുറ്റിനുമാളുകളുണ്ടെങ്കിലും അവളുടെ മനസ്സിനെ ഇപ്പോൾ ഇരുട്ട് വിഴുങ്ങി തുടങ്ങിയിട്ടുണ്ടെന്നെനിക്ക് തോന്നി. അവൾക്ക് ചുറ്റുമിപ്പോൾ ശൂന്യത മാത്രമാണ്. അവളുടെ അച്ഛനെയവൾക്ക് തിരിച്ചു കൊടുക്കുന്നത് പോയിട്ട് അവളോട് ഒരു സമാധാന വാക്ക് പറയാൻ പോലുമാകാതെ ആ മഞ്ഞണിഞ്ഞ പ്രഭാതത്തിലും ഞാൻ നിന്നു വിയർത്തു. കേസിന്റെ നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി, അയാളുടെ ഭാര്യ അയാൾക്കുവേണ്ടി ഉണ്ടാക്കിയ ചായയും ലഘുഭക്ഷണവും അയാൾ കഴിച്ചതിനു ശേഷം ഞങ്ങൾ ജീപ്പിൽ കയറി.
ജീപ്പ് നീങ്ങി തുടങ്ങിയപ്പോഴും വെളുത്ത് മെലിഞ്ഞ ആ പെൺകുട്ടി കണ്ണീർ വറ്റിയ കണ്ണുകളുമായി ഒരു പ്രതിമ കണക്കെ ആ വാഹനവും നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ രൂപം ദൂരെ ഒരു ബിന്ദുവായി അപ്രത്യക്ഷമാകുന്നത് വരെ എന്റെ കണ്ണുകൾ അവിടെ ഉടക്കിനിന്നു.
ഒരാൾ ക്രിമിനൽ കേസിൽ പ്രതിയാകുന്നതോടുകൂടി അതിന്റെ ദുരന്തഫലം ഏറെയും അനുഭവിക്കുന്നത് അയാളുടെ ഭാര്യയും മക്കളും ബന്ധുക്കളുമാണല്ലോ. സാമൂഹ്യഭ്രഷ്ടിന്റെയും തിരസ്‌കാരത്തിന്റെയും അപമാന ഭാരത്താൽ നീറി കഴിയുന്ന ഒരുപാടു മനുഷ്യരിൽ പുതിയ ചില മനുഷ്യർ കൂടി.