കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ യു.ഡി.എഫ് ലീഗിന് അനുവദിച്ച സീറ്റിൽ മത്സരിക്കാൻ താനില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറിയും പാർല്ലമെന്ററി പാർട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച് വിവിധ കേന്ദ്രങ്ങൾ ഉയർത്തിയ അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
താൻ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ല. പാണക്കാട് തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലവിധ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, രാജ്യസഭ സീറ്റ് സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ലെന്നും രാഹുൽ ഗാന്ധി റായ്ബറേലിയിൽ ജയിച്ചാൽ വയനാട് സീറ്റിൽ പാർട്ടി അവകാശ വാദം ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കാനിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എന്നിവരുടെ രാജ്യസഭയിലെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ തെരഞ്ഞെടുപ്പ് തിയ്യതി ഇന്നലെ പ്രഖ്യാപിച്ചത്.
സ്ഥാനമൊഴിയുന്ന മൂന്നംഗങ്ങളും എൽ.ഡി.എഫിൽ നിന്നുള്ളവരാണെങ്കിലും 140 അംഗ കേരള നിയമസഭയിലെ നിലവിലെ അംഗസഖ്യയനുസരിച്ച് മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമെ എൽ.ഡി.എഫിന് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാവൂ. ബാക്കിയുള്ള ഒരു സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കാണ് ജയസാധ്യത. പുതിയ സാഹചര്യത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും പുറമെ ജോസ് കെ മാണിക്ക് വേണ്ടി കേരള കോൺഗ്രസ് എമ്മും എം.വി ശ്രേയാംസ് കുമാറിനായി ആർ.ജെ.ഡിയും സീറ്റിനായി രംഗത്തുണ്ട്.
അതേസമയം, ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാൻ അന്നേ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാൽ പുതിയ ഒഴിവിലേക്ക് യു.ഡി.എഫിൽനിന്ന് ലീഗ് സ്ഥാനാർത്ഥിയാണ് മത്സരിക്കുക. തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടായാൽ മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ തന്നെ നേതൃത്വം രാജ്യസഭയിലേക്ക് പരിഗണിക്കുമെന്നായിരുന്നു ചില കേന്ദ്രങ്ങൾ ഉയർത്തിയ അഭ്യൂഹം. നിയമസഭാംഗത്വം രാജ്യവെച്ച് അത്തരമൊരു സാഹചര്യം വീണ്ടുമുണ്ടായാൽ അത് ലീഗിനെ കൂടുതൽ പ്രതിരോധത്തിലേക്കും വിവാദങ്ങളിലേക്കും നയിക്കുകയും ചെയ്യും. എന്നാൽ, തനിക്ക് അത്തരമൊരു രാജ്യസഭാ മോഹമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച ഊാഹാപോഹങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ഇ.ടി മുഹമ്മദ് ബഷീറിനെ പോലെ മികവുറ്റ നിര ലീഗിനുണ്ടെന്നിരിക്കെ, അനാവശ്യമായ വിവാദങ്ങളിൽനിന്ന് പാർട്ടിയെയും യു.ഡി.എഫിനെയും രക്ഷിച്ചിരിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തൽ.
നേരത്തെ എം.എൽ.എ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എം.പി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചത് വലിയ വിവാദമായിരുന്നു. ഇത്തരത്തിൽ അനാവശ്യമായി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതും അനാവശ്യമായ അധികാരമോഹവും പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമർശനവും ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ദിശാബോധത്തോടെയുള്ള പ്രതികരണം. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം ഷാജി, യൂത്ത് ലീഗ് ദേശീയ നേതാക്കളായ അഡ്വ. ഫൈസൽ ബാബു, സി.കെ സുബൈർ തുടങ്ങിയവരിൽ ഒരാളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നാണ് അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group