നൗഷാദ് കിളിമാനൂരിന് പരിസ്ഥിതി ഫോട്ടോഗ്രാഫി പുരസ്‌കാരം
റിയാദ്- ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവര്‍ഡിന് റിയാദിലെ ഫോട്ടോഗ്രാഫര്‍ നൗഷാദ് കിളിമാനൂര്‍ അര്‍ഹനായി. സൗദി പരിസ്ഥിതി ജലകാര്‍ഷിക മന്ത്രാലയം മത്സരത്തിലൂടെ തെരഞ്ഞെടുത്ത മികച്ച എട്ട് ഫോട്ടോ വീഡിയോ ഗ്രാഫര്‍മാരില്‍ വിദേശിയായി തെരഞ്ഞെടുക്കപ്പെട്ടത് നൗഷാദിന്റെ ചിത്രം മാത്രമായിരുന്നു.
റിയാദില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി സഹമന്ത്രി മന്‍സൂര്‍ അല്‍ ഹിലാല്‍ അല്‍ മുശൈത്തി അവാര്‍ഡ് സമ്മാനിച്ചു. റിയാദിലെ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഷട്ടര്‍ അറേബ്യ നടത്തുന്ന വരാന്ത്യ ഫോട്ടോ പരിപാടികള്‍ക്കിടെ ലഭിച്ച അറേബ്യന്‍ കുറുനരിയുടെ അപൂര്‍വചിത്രമാണ് നൗഷാദിനെ അവര്‍ഡിന് അര്‍ഹനാക്കിയത്.
ആയിരത്തി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ നിന്നാണ് ഈ അപൂര്‍വചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീഡിയോ ഗ്രാഫര്‍മാര്‍ക്കും മന്ത്രി അവര്‍ഡുകള്‍ സമ്മാനിച്ചു. ഡോ. കെ ആർ ജയചന്ദ്രൻ, രാജേഷ് ഗോപാൽ എന്നിവർ അവാർഡ് ദാന പരിപാടിയിൽ സംബന്ധിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ നൗഷാദ് അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനും കൂടിയാണ്. സജീനയാണ് നൗഷാദിന്റെ ഭാര്യ. നൗഫല്‍, നൗഫിദ മക്കളാണ്.