റിയാദ്- ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പും പ്രവാസി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രിയായായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ യോഗം വിലയിരുത്തി. ക്ഷേമപെന്‍ഷന്‍, സാക്ഷരതാ മിഷന്‍, ജനകീയാസൂത്രണം തുടങ്ങി സാധാരണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
സരസഭാഷണത്തിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെയാകെ പ്രിയങ്കരനായിമാറി. അനുസ്മരണയോഗം നവോദയ സ്ഥാപകാംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതിയാല്‍ വര്‍ഗ്ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളെന്ന് ഉദ്ഘാടകന്‍ ചൂണ്ടി കാട്ടി. ഷൈജു ചെമ്പൂര് അനുസ്മരണപ്രഭാഷണം നടത്തി. ജാതി മത വര്‍ഗ്ഗീയതക്കെതിരായി സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ നയനാരിന്റെ ജീവിത പോരാട്ടങ്ങള്‍ വഴി വിളക്കാകണമെന്ന് ഷൈജു ഉണര്‍ത്തി. റിയാദ് ഷിഫായില്‍ നടന്ന അനുസ്മരണ യോഗത്തില്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.
നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, അനില്‍ മണമ്പൂര്‍, റസ്സല്‍, നാസ്സര്‍ പൂവാര്‍, മിഥുന്‍, അനി മുഹമ്മദ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. മിഥുന്‍ വാലപ്പന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുരേഷ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. ഷിഫ യൂണിറ്റ് സംഘടനാ ജനറല്‍ ബോഡിയും യോഗാനന്തരം നടന്നു.