കൊച്ചി – സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴാ വിവാദം. മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് കാണിച്ച് ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്‍ നിര്‍ദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോന് പറയുന്നത്. ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന് പറയുന്നു. സഹകരിച്ചില്ലേല് നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശം. ഏകീകൃത രൂപത്തില്‍ പണം പിരിക്കണമെന്ന് അനിമോന് പറയുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പണപ്പിരിവെന്നുള്ള നിര്‍ദേശം സംഘടന പ്രതിനിധികള്‍ മുന്‍പ് പറഞ്ഞിരുന്നു. ഇത് പൂര്‍ത്തിയാക്കണമെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. കൊച്ചി പാലാരിവട്ടത്ത് ഇന്നലെ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോഴ നല്കാന് പണം ആവശ്യപ്പെട്ട് അനിമോന് വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group