പയ്യന്നൂർ: പ്രവാസിയുടെ വീടു കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നത് വാഹനത്തിലെത്തിയ അഞ്ചംഗ സംഘമെന്ന് സൂചന. പ്രൊഫഷണൽ കവർച്ച സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
പെരുമ്പ കൃഷ്ണ ട്രേഡേഴ്‌സിന് സമീപത്തെ റഫീഖ് മൻസിലിൽ സി.കെ സുഹ്‌റയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ച നടന്നത്. വീട്ടുകാർ വീടിൻ്റെ മുകൾനിലയിൽ ഉറ ങ്ങിക്കിടക്കവെ വീടുകുത്തിതുറന്ന് എഴുപത്തിയാറ് പവനും നാലായിരം രൂപ കവരുകയായിരുന്നു. അതിനിടെ, മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാതെ കിടന്ന ഗൾഫിലുള്ള വീട്ടുകാരിയായ യുവതിയുടെ മുപ്പത് പവന്റെ ആഭരണങ്ങൾ കണ്ടെത്തി. കവർച്ചക്ക് പിന്നിൽ വാഹനത്തിലെത്തിയ അഞ്ചംഗ പ്രൊഫഷണൽ സംഘമെന്ന് പോലീസിന് സൂചന ലഭിച്ചു.
വീടിന്റെ താഴെത്തെ മുറികളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന എഴുപത്തിയാറ് പവൻ്റെ സ്വർണാഭരണങ്ങളും നാലായിരം രൂപയും നഷ്ടപ്പെട്ടതായി സുഹ്റയുടെ മകൾ സി.കെ സാജിത നൽകിയ പരാതിയിൽ കേസെടുത്ത പോലീസിൻ്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് മുപ്പത് പവൻ്റെ ആഭരണങ്ങൾ കണ്ടെത്തിയത്.
സുഹറയുടെ ഗൾഫിലുള്ള മരുമകൾ ഹസീന അലമാരയിലെ താഴെത്തെ ഡ്രോയിൽ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ചക്കാരുടെ കണ്ണിൽപ്പെടാതിരുന്നത്. ആഭരണങ്ങൾ പേഴ്‌സിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന വിവരം വീട്ടിലുള്ളവരോട് പറയാതിരുന്നതിനാൽ വീട്ടിലുള്ളവർക്കും അറിയില്ലായിരുന്നു. ഇത്രയും ആരേണങ്ങൾ തിരിച്ചു കിട്ടിയ വിവരമറിയിച്ചപ്പോഴാണ് ഹസീന വെച്ചിരുന്ന ആഭരണങ്ങളാണിതെന്ന് മനസിലായത്. ഇതേതുടർന്ന് മുപ്പത് പവൻ്റെ സ്വർണ്ണാഭരണങ്ങൾ തിരിച്ചുകിട്ടിയ വിവരം വീട്ടുകാർ തന്നെ പോലിസിൽ അറിയിക്കുകയായിരുന്നു.
കണ്ണൂരിൽനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടേ കാലിനും നാലരക്കുമിടയിൽ ഒരേ വ്യക്തി അഞ്ചു പ്രാവശ്യം ഇതിലൂടെ ടോർച്ച് തെളിച്ച് പോകുന്നതായി കണ്ടെത്തി. നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം ഡിവൈ.എസ്.പി. എ. ഉമേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി.