കുവൈത്ത് സിറ്റി – ഗള്‍ഫ് വിപണിയില്‍ നിന്ന് കുവൈത്തിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയവും ജി.സി.സി ഇന്റര്‍കണക്ഷന്‍ അതോറിറ്റിയും കരാര്‍ ഒപ്പുവെച്ചു. കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. ഗള്‍ഫ് വൈദ്യുതി വിപണിയില്‍ നിന്ന് കുവൈത്തിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുന്നത് ഏകോപിപ്പിക്കാനും മത്സര വിലക്ക് ഗള്‍ഫ് വിപണിയില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കരാര്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് ജി.സി.സി ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍ നെറ്റ്‌വര്‍ക്ക് വഴിയും ഗള്‍ഫ് ഇലക്ട്രിക്കല്‍ എനര്‍ജി ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴിയും കുവൈത്തിന് കരാര്‍ പ്രകാരമുള്ള വൈദ്യുതി വിതരണം ചെയ്യും.
ഗള്‍ഫ് വൈദ്യുതി വിപണി ഈ മേഖലയിലെ ഫലപ്രദമായ മാര്‍ക്കറ്റുകളില്‍ ഒന്നാണെന്ന് ജി.സി.സി ഇന്റര്‍കണക്ഷന്‍ അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ അഹ്മദ് അല്‍ഇബ്രാഹിം പറഞ്ഞു. വൈദ്യുതി വ്യാപാരം നടത്താനുള്ള ഇ-പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വ്യാപാരത്തിന് അതോറിറ്റി ഏകോപനം നടത്തുന്നു. ഇത് മത്സര ഓഫറുകള്‍ സമര്‍പ്പിക്കാന്‍ രാജ്യങ്ങളെ പ്രാപ്തമാക്കുന്നു. മത്സര വിലയില്‍ സുസ്ഥിര വൈദ്യുതോര്‍ജം നല്‍കുന്നതിലൂടെയും, ഉയര്‍ന്ന ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനും വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാനുമുള്ള ചെലവ് കുറക്കുന്നതിലൂടെയും സമൂഹങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ വൈദ്യുതി വ്യാപാരത്തിലൂടെ ലക്ഷ്യമിടുന്നു. ഹ്രസ്വകാലത്തേക്ക് വൈദ്യുതി ഇറക്കുമതി ചെയ്‌തോ കയറ്റുമതി ചെയ്‌തോ ചെലവ് കുറക്കാനും സിസ്റ്റങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുമുള്ള ഓപ്പറേറ്റര്‍മാരുടെ ശേഷി രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുകയും പ്രവര്‍ത്തന പ്രക്രിയകളുടെ സുരക്ഷയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കുകയും ചെയ്യുന്നതായും എന്‍ജിനീയര്‍ അഹ്മദ് അല്‍ഇബ്രാഹിം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group