ഹേഗ്- ഇസ്രായിൽ, ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന് ഐ.സി.സി പ്രോസിക്യൂട്ടർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ആവശ്യപ്പെട്ടു. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ, സിൻവാർ, ഡെയിഫ് എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് വേണമെന്നാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് ഹമാസിന്റെ മൂന്നു നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
ഗാസ മുനമ്പിലെയും ഇസ്രായിലിലെയും യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹുവും ഗാലൻ്റും മൂന്ന് ഹമാസ് നേതാക്കളും ഉത്തരവാദികളാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഐ.സി.സി പ്രോസിക്യൂട്ടർ കരിം ഖാൻ പറഞ്ഞു.