ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെ ഉന്നത സംഘത്തിന്റെ കൂട്ടമരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ബെല്‍ 212 ലോകത്തുടനീളം പല ഗവണ്‍മെന്റുകളും സ്വകാര്യ കമ്പനികളും ഉപയോഗിച്ചു വരുന്ന ഹെലികോപ്റ്ററാണ്. വിയറ്റ്‌നാം യുദ്ധകാലത്ത് ഇറങ്ങിയ യുഎച്ച്-1എന്‍ ട്വിന്‍ ഹുവെ കോപ്റ്ററിന്റെ സിവിലിയന്‍ ഉപയോഗത്തിനുള്ള പതിപ്പാണിത്. എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ ശേഷിയുള്ള യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണിവ്. അതാണ് യുഎച്ച് എന്ന ചുരുക്കപ്പേര്.
1960കളുടെ അവസാനത്തില്‍ ബെല്‍ ഹെലികോപ്റ്റര്‍ (ഇപ്പോള്‍ ബെല്‍ ടെക്‌സ്ട്രന്‍) കാനഡയുടെ സൈന്യത്തിനു വേണ്ടി രൂപകല്‍പ്പന ചെയ്‌തെടുത്തതാണിത്. ആദ്യകാല ഒറ്റ എഞ്ചിന്‍ യുഎച്ച്-1 ഇറുക്വോയ് കോപ്റ്ററിന്റെ പരിഷ്‌ക്കരിച്ച പതിപ്പായി 1971ലാണ് ഇത് അവതരിപ്പിച്ചത്. രണ്ട് ടര്‍ബോഷാഫ്റ്റ് എഞ്ചിനുകളുള്ള പുതിയ കോപ്റ്ററിന് കൂടുതല്‍ വാഹക ശേഷിയുമുണ്ട്. ഏറെ വൈകാതെ തന്നെ ഇവ യുഎസും കാനഡയും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ആളുകളെ വഹിക്കാനും അഗ്നിശമന ആവശ്യങ്ങള്‍ക്കും ചരക്കു നീക്കത്തിനും ആയുധങ്ങള്‍ ഉപയോഗിക്കാനുമെല്ലാം ശേഷിയുള്ള കോപ്റ്ററാണിത്.
ഇറാനില്‍ അപകടത്തില്‍പ്പെട്ട കോപ്റ്റര്‍ ഗവണ്‍മെന്റ് ആവശ്യങ്ങള്‍ക്ക് യാത്രക്കാരെ കൊണ്ടു പോകുന്നതിനായി തയാറാക്കിയതായിരുന്നു. ബെല്‍ ഹെലികോപ്റ്ററിന്റെ ഏറ്റവും പുതിയ പതിപ്പ് സുബാരു ബെല്‍ 412 പോലീസ് ആവശ്യത്തിനും, സൈനികരെ കൊണ്ടു പോകുന്നതിനും മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടിനും അഗ്നിശമന ആവശ്യങ്ങള്‍ക്കും അനുയോജ്യമാണെന്ന് കമ്പനി പറയുന്നു.
ഇതാദ്യമായല്ല ബെല്‍ 212 കോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. ഞായറാഴ്ച ഉണ്ടായ ഇറാന്‍ അപകടത്തിനു മുമ്പ് 2023 സെപ്തംബറില്‍ യുഎഇയിലും ഒരു സ്വകാര്യ കമ്പനിയുടെ ബെല്‍ 212 കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 2018ല്‍ ഇറാനില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു അപകടത്തിലും ഈ കോപ്റ്റര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യോമ സുരക്ഷ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്ന ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ രേഖകളില്‍ പറയുന്നു.