തെഹ്‌റാൻ – ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപോർട്ട്. കടുത്ത പ്രതികൂല കാലാവസ്ഥയിൽ നീണ്ട തിരിച്ചിലുകൾക്കൊടുവിൽ, ഏറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഹെലികോപ്ടർ കണ്ടെത്തിയതെങ്കിലും സ്ഥിതിഗതികൾ അത്ര നല്ലതല്ലെന്നാണ് ഇറാൻ റെഡ് ക്രസന്റ് മേധാവിയെ ഉദ്ധരിച്ചുള്ള റിപോർട്ടുകൾ.
‘ഹെലികോപ്ടർ കണ്ടെത്തി. ഇപ്പോൾ, ഞങ്ങൾ ഹെലികോപ്ടറിലേക്ക് നീങ്ങുകയാണ്. എന്നിരുന്നാലും സാഹചര്യം അത്ര നല്ലതല്ല’ എന്നാണ് റെഡ് ക്രസന്റ് മേധാവി പിർഹോസിൻ കൂലിവാന്ദിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപോർട്ട് ചെയ്ത്. ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ചുള്ള റിപോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. പ്രസിഡന്റിന്റെ കാര്യത്തിൽ അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന റിപോർട്ട് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്.
അസൈർബൈജാൻ അതിർത്തിയിൽ പണിത ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷം ഞായറാഴ്ച ഇറാൻ നഗരമായ തബ്രിസിലേക്ക് പുറപ്പെട്ട് ഏകദേശം 30 മിനിട്ടുകൾക്കുള്ളിലാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായത്. മോശം കാലാവസ്ഥയാണ് ഹെലികോപ്ടർ അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക റിപോർട്ടുകൾ. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാൻനിന്ന് ഏകദേശം 600 കിലോമീറ്റർ വടക്കുപടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ദുർഘടമായ മലമ്പ്രദേശവും മേഖലയിലെ കനത്ത മൂടൽമഞ്ഞും ശക്തമായ മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇറാൻ സംഘത്തിന് പുറമെ രക്ഷാദൗത്യത്തിന് സഹായവവുമായി റഷ്യയും തുർക്കിയും രംഗത്തെത്തിയിട്ടുണ്ട്. മറ്റു ലോകരാഷ്ട്രങ്ങളും ഇറാൻ ജനതയുടെ പ്രാർത്ഥനകൾക്കൊപ്പം എല്ലാവിധത്തിലുമുള്ള സഹായ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group