കടൽ കടന്നെത്തിയ പ്രവാസികളിൽ ഭൂരിഭാഗവും ഒരു കാലത്ത് സെയിൽസ്മാന്മാരായിട്ടാണ് ജോലിയിൽ പ്രവേശിക്കാറുള്ളത്. ബിരുദവും വിരുതുമുണ്ടെങ്കിൽ മാത്രമേ ഈ ജോലിയിൽ തിളങ്ങാനാകൂ എന്നാണ് പുതിയ ലോകത്തെ വിശേഷങ്ങൾ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) സൃഷ്ടിക്കുന്ന നാലാം വ്യവസായ വിപ്ലവത്തിൽ പല ജോലികളും ഇല്ലാതാവുമ്പോഴും സെയിൽസ് പോലെയുള്ള ചില ജോലികൾ ഇനി വരുന്ന നൂറ്റാണ്ടുകളിലും മനുഷ്യർ തന്നെ ചെയ്യുമെന്ന് ഉറപ്പാണ്. ഇത് മെച്ചപ്പെട്ട നിലയിൽ നിർവ്വഹിക്കാൻ കഴിയുന്നതിലാണ് കാര്യം.
വില്പന ഒരു കലയാണ്. ലോകത്ത് ഒരു അത്ലറ്റും കോച്ചിൻ്റെ സഹായം കൂടാതെ മെഡൽ നേടിയിട്ടുണ്ടാവില്ല എന്നതാണ് സത്യം. ഈ സത്യം നിത്യമോർത്താൽ നിങ്ങൾക്കും സി.ഇ.ഒ വരെ ഉയരാനും മറ്റൊരു ബിസിനസ്സ് സ്വന്തമായി കെട്ടിപ്പടുക്കാനും കഴിയും. ഈ മേഖലയിലെ വിദഗ്ധർ പറയുന്നത് നോക്കൂ.
“സെയിൽസ് എന്ന കലയുടെ മർമ്മങ്ങളറിഞ്ഞ് നിങ്ങളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കാനുള്ള മാർഗമാണ് സെയിൽസ്. വർത്തമാന കാലഘട്ടത്തിനു ചേർന്ന കഴിവുകൾ നാം സ്വായത്തമാക്കേണ്ടതുണ്ട്. നമ്മൾ നമ്മിൽ തന്നെ നടത്തുന്ന നിക്ഷേപമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നിക്ഷേപം. ഇത്തരം ട്രൈനിംഗ് പരിപാടികൾ തേടിപ്പിടിച്ച് അതിൽ പങ്കെടുക്കുന്നത് വിജയത്തിലേക്ക് കുതിക്കുവാൻ നിങ്ങളെ സഹായിക്കും. നമ്മൾ നമ്മിൽ തന്നെ നടത്തുന്ന അതിമഹത്തായ നിക്ഷേപത്തിന് പറയുന്ന പേരാണ് “പഠനം”
മടി കൂടാതെ പഠിക്കണം.
സെയിൽസും മാർക്കറ്റിംഗും ലോകത്തിന്ന് വലിയൊരു പാഠ്യവിഷയമാണ്. എത്രയോ ബിസിനസ്സ് കോഴ്സുകളും കേളേജുകളും സർവ്വകലാശാലകളുമുണ്ട്. ഒമ്പതോളം ടെക്നിക്കുകകളാണ് ഇതുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ട്രൈനർമാരും നിർദ്ദേശിക്കാറുള്ളത്. എല്ലാം അറിയുമെന്ന മനോഭാവം ഭാവി ഇരുളടയിപ്പിക്കും. “ദിവസവും ഒരു മണിക്കൂർ വീതം അറിവ് സമ്പാദനത്തിനായി മാറ്റിവെച്ചാൽ നിങ്ങളുടെ മേഖലയിൽ അഞ്ചുവർഷത്തിനുള്ളിൽ ഒരു പ്രതിഭയാകുവാൻ നിങ്ങൾക്ക് സാധിക്കും”
നല്ല സെയിൽമാൻമാർക്ക് എവിടെയും അവസരങ്ങളാണ്. കാരണം അവരാണ് ബിസിനസിൻ്റെ ജീവനാഡി. കണ്ട് മുട്ടുന്ന ഓരോ ഉപഭോക്താക്കളും തീർത്തും വ്യത്യസ്തരാണ്. ഓരോരുത്തരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിവരമാണ് സെയിൽസിലെ പ്രധാനം. ഇതിന് നിരന്തമായ പഠനം അനിവാര്യമാണ്. കാലത്തിൻ്റെ, സാഹചര്യത്തിൻ്റെ സ്വാധീനങ്ങൾക്കനുസരിച്ച് മനുഷ്യൻ്റെ വൈകാരിക മനോഭാവങ്ങളും ആവശ്യങ്ങളും മാറിമറിഞ്ഞ് കൊണ്ടിരിക്കും. എന്നോ പഠിച്ച ഒരു തിയറി മാത്രം മതിയാകില്ല എന്ന തിരിച്ചറിവുണ്ടാവണം.
പുസ്തകങ്ങൾ വായിച്ചോ ട്രൈനിംഗുകളിൽ പങ്കെടുത്തോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ഇത് കരസ്ഥമാക്കാം.
കമ്യൂണിക്കേഷൻ സ്കില്ല് സെയിൽസിലെ പ്രധാനമാണ്. വിശ്വസ്തതയും വശ്യതയും അനുഭവപ്പെടുന്ന രീതിയിൽ ഉല്പന്നത്തിൻ്റേയോ സേവനത്തിൻ്റെയോ എല്ലാവശങ്ങളെ കുറിച്ചും ലളിതമായി അവതരിപ്പിക്കാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. കൈകാര്യം ചെയ്യുന്ന ഉൽപന്നങ്ങളെ കുറിച്ച് അഗാധമായ അറിവുണ്ടെങ്കിലേ ആധികാരികമായി സംസാരിക്കാനും ഉപഭോക്താവിൻ്റെ സംശയം ദൂരീകരിക്കാനും കഴിയൂ.
“നിങ്ങൾക്ക് ഒരു കാര്യം ലളിതമായി പറഞ്ഞ് കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ആ കാര്യം നിങ്ങൾക്കറിയില്ല എന്നാണർത്ഥം”
[Einstein]
“വില്പന തന്ത്രമല്ല കാരണം തന്ത്രം കൃത്രിമമാണ്. കുറേ തത്വങ്ങൾക്കനുസൃതമായാണ് അത് നിർവ്വഹിക്കേണ്ടത് “
[Shiv Khera]
വില്പന കലയാണ് ഏത് കലക്കും നിരന്തര പഠനവും പരിശീലനവും ആവശ്യമാണ്. അത് തന്നെയാണ് സെയിൽസ് സീക്രട്ട്. സെയിൽസ് സമ്പാദ്യ മാർഗ്ഗമായത് പോലെ സേവനം കൂടിയാണ്. ജനങ്ങളുടെ പല പ്രശ്നങ്ങൾ പരിഹരിക്കുകയാണല്ലോ ഇതിലൂടെ സംഭവിക്കുന്നത്. ഇതൊരു പുണ്യ പ്രവർത്തിയാണെന്ന മനോഭാവം കാത്ത് സൂക്ഷിക്കണം. അത് ജോലിയെ കൂടുതൽ ഇഷടപ്പെടാനും ദൈവപ്രീതിക്കും കാരണമാകും. വിൽപനയിലൂടെ പണവും വസ്തുവുമല്ല കൈമാറുന്നത്. “നിങ്ങൾ ഒരു വസ്തു വിൽക്കുമ്പോൾ യഥാർഥ്യത്തിൽ വിൽക്കുന്നത് വിശ്വാസമാണ് “