ബംഗളൂരു-കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് സർവേ നടത്തുന്ന പ്രമുഖ ഏജൻസിയായ സി-ഫോറിൻ്റെ സ്ഥാപകൻ പ്രേംചന്ദ് പലേറ്റി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് വിശ്വാസത്തിൽ ഓഹരി വിപണിയിൽ പോലും മാറ്റങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയിൽ വലിയ മാറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫീൽഡ് സർവേകൾ നടത്തുന്ന ഭൂരിഭാഗം ഏജൻസികളും ബി.ജെ.പിക്ക് കാര്യങ്ങൾ സുഗമമല്ല എന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി വർഗീയ വിഭജന വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നു, പ്രതിപക്ഷം അദാനികളിൽ നിന്നും അംബാനികളിൽ നിന്നും കള്ളപ്പണം സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. മോഡി പരിഭ്രാന്തനാണെന്നാണ് ഇത് കാണിക്കുന്നത്. ബിജെപിക്ക് അനുകൂലമല്ലാത്ത എക്സിറ്റ് പോൾ റിപ്പോർട്ടുകൾ അദ്ദേഹത്തിന് ലഭിച്ചിരിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുൽവാമ/ബാലാകോട്ട് ബിജെപിയെ സഹായിച്ചു. ഈ തെരഞ്ഞെടുപ്പിൽ അങ്ങനെയൊരു പ്രശ്‌നമില്ലാത്തതിനാൽ ചില മതധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി നീക്കം.
ഈ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് മുൻ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും. ഇപ്പോൾ വ്യക്തമായ വടക്ക്-തെക്ക് വിഭജനമുണ്ട്. പല ദക്ഷിണേന്ത്യൻ വോട്ടർമാരും ബിജെപി ദക്ഷിണേന്ത്യയോട് പക്ഷപാതപരമായി പെരുമാറുന്നു എന്ന് കരുതുന്നവരാണ്.
ഇതുവരെ നടന്ന നാല് ഘട്ടങ്ങളിൽ ബിജെപിക്ക് കുറച്ച് സീറ്റുകൾ നഷ്ടപ്പെടുമെന്നും എൻഡിഎ ഭൂരിപക്ഷം നേടില്ല എന്നുമാണ് തോന്നുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം വോട്ടർമാർ ആശങ്കയിലാണ്. നിലവിലെ നേതൃത്വത്തിൻ്റെ സ്വേച്ഛാധിപത്യ മനോഭാവവും രാഷ്ട്രീയക്കാരെ ലക്ഷ്യം വയ്ക്കുന്നതും പല വോട്ടർമാരും ഇഷ്ടപ്പെടുന്നില്ല. ഇത് മോദിയുടെ പ്രതിച്ഛായയെ ബാധിച്ചേക്കാം.
കർണാടക, തെലങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, യുപി, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ബി.ജെ.പിക്ക് തിരിച്ചടി നൽകും. മഹാരാഷ്ട്രയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ഗതി നിർണ്ണയിക്കുക. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ് പവാറിൻ്റെ എൻസിപിക്കും അനുകൂലമായി സഹതാപ തരംഗത്തിന് സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം സാധ്യമാക്കും.
തേജസ്വി യാദവ് ബിഹാറിൽ വലിയ സ്വാധീനം ചെലുത്തുകയാണ്. നിതീഷ് കുമാറിൻ്റെ പ്രതിച്ഛായ തകർന്നു. അദ്ദേഹത്തെ അവസരവാദിയായാണ് കാണുന്നത്. അദ്ദേഹത്തിൻ്റെ പാർട്ടിക്ക് നിരവധി സീറ്റുകൾ നഷ്ടമായേക്കും.
രാജസ്ഥാനിലെ പല വോട്ടർമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതിൽ തൃപ്തരല്ല. ഇത് ബിജെപിയുടെ സാധ്യതകളെ ബാധിച്ചേക്കും.
യുപി ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ ബിജെപിയെ ഒരു സവർണ്ണപാർട്ടിയായാണ് കാണുന്നത്. കർഷകരും അസന്തുഷ്ടരാണ്. സർക്കാർ രൂപീകരിക്കാനുള്ള 272-273 സീറ്റുകൾ ഇന്ത്യാ മുന്നണിക്ക് ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.