തിരുവനന്തപുരം – സോളാര്‍ സമരം യു ഡി എഫ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി സി പി എം ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വഴിയാണ് ഇത് നടപ്പാക്കിയതെന്നും വെളിപ്പെടുത്തല്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയമാണ് സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ഒത്തു തീര്‍പ്പ് രഹസ്യം പുറത്ത് വിട്ടിരിക്കുന്നത്. സോളാര്‍ വിഷയത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയ തോമസ് ഐസക് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി നിന്നിരുന്നുവെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തുന്നു.
ഒത്തു തീര്‍പ്പിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനം വിളിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സി പി എം ആവശ്യപ്പെടുകയായിരുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുല യു ഡി എഫ് അംഗീകരിച്ചു. യു ഡി എഫില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സി പി എം നേതൃത്വത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തു. ഇടത് പ്രതിനിധിയായി അന്ന് എല്‍ ഡി എഫിന്റെ ഭാഗമായിരുന്ന എന്‍ കെ പ്രേമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചത് ഒത്തു തീര്‍പ്പ് ധാരണ പ്രകാരമായിരുന്നുവെന്നും ജോണ്‍ മുണ്ടക്കയം പറയുന്നു.
അതേസമയം ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീര്‍ക്കാന്‍ ഒരു നിര്‍ദ്ദേശം വന്നു. അതിനോട് സര്‍ക്കാര്‍ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.