ഷാര്‍ജ– റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ വലതുവശത്തെ ട്രാക്കുകളില്‍ (ലെയ്നുകളില്‍) മാത്രം സഞ്ചരിക്കണമെന്നും, നിയമം ലംഘിക്കുന്നവര്‍ക്ക് 1,500 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.
തിരക്കുള്ള സമയങ്ങളിലും ഓവര്‍ടേക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിലും ട്രക്ക് ഡ്രൈവര്‍മാര്‍ ഓവര്‍ടേക്ക് ചെയ്യരുതെന്നും, റോഡ് ചിഹ്നങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ട നിര്‍ദ്ദേശങ്ങളില്‍ പോലീസ് ആവശ്യപ്പെട്ടു.
വാഹനം തകരാറിലായാല്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍:
- വശത്തേക്ക് ഒതുക്കി നിര്‍ത്തുക: വാഹനത്തിന് തകരാര്‍ സംഭവിച്ചാല്‍ ട്രക്ക് റോഡിന്റെ ഏറ്റവും വലതുവശത്തേക്ക് മാറ്റി നിര്‍ത്തി ഹാസാര്‍ഡ് വാര്‍ണിംഗ് ലൈറ്റുകള്‍ ഓണാക്കണം.
- മുന്നറിയിപ്പ് ചിഹ്നം സ്ഥാപിക്കുക: പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ട്രക്കിന് പിന്നില്‍ കൃത്യമായ അകലത്തില്‍ വാണിംഗ് ട്രയാംഗിള്‍ സ്ഥാപിക്കണം.
- സുരക്ഷിത സ്ഥാനത്തേക്ക് മാറുക: വാഹനത്തില്‍ നിന്ന് ഇറങ്ങി സുരക്ഷിതമായ ഒരിടത്തേക്ക് മാറിനിന്ന ശേഷം എമര്‍ജന്‍സി സര്‍വീസ് ഏജന്‍സികളെ ബന്ധപ്പെടണം.
കൂടാതെ, ട്രക്കുകളുടെ ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ (ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഭാഗങ്ങളില്‍) വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നും, ട്രക്കുകള്‍ക്ക് പിന്നില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരോടും ഷാര്‍ജ പോലീസ് നിര്‍ദ്ദേശിച്ചു.



