തെഹ്റാൻ– ഹോർമുസ് കടലിടുക്കിന് കിഴക്ക് അറേബ്യൻ ഉൾക്കടലിന് മുകളിലൂടെ പറന്ന അമേരിക്കയുടെ ലൂക്കാസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഇറാന്റെ ഏകീകൃത വ്യോമ പ്രതിരോധ ശൃംഖലയുടെ കീഴിലുള്ള തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോൺ തകർത്തതെന്ന് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ഹോർമുസ് കടലിടുക്കിന് കിഴക്ക് വെച്ച് യു.എസിന്റെ എം.ക്യു-1 റീപ്പർ ഡ്രോണും വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു. 24 മണിക്കൂറിനിടെ തകർക്കുന്ന നാലാമത്തെ അമേരിക്കൻ രഹസ്യാന്വേഷണ-ആക്രമണ ഡ്രോണാണിതെന്നും, 40 ദിവസത്തെ യുദ്ധം അവസാനിച്ചതിന് ശേഷം ഇതുവരെ 20 അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഇറാന്റെ വ്യോമാതിർത്തി പരീക്ഷണ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്നും ഏതൊരു പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും സൈന്യം യു.എസിന് മുന്നറിയിപ്പ് നൽകി.



