ഇസ്ലാമാബാദ്- അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇറാന്റെ ദ്വിദിന പദ്ധതിക്ക് 10 ഏഷ്യൻ രാജ്യങ്ങളടങ്ങുന്ന പ്രാദേശിക കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഒരാഴ്ചത്തെ സമയപരിധി നിർദേശിച്ചിരുന്ന ഇറാൻ, തങ്ങളുടെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുകയാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മധ്യേഷ്യ, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ രാജ്യങ്ങൾ ഉൾപ്പെടുന്ന ഇക്കണോമിക് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (ഇ.സി.ഒ) യോഗത്തിൽ പങ്കെടുക്കാനാണ് ഞായറാഴ്ച വൈകിയാണ് അറാഖ്ജി പാകിസ്ഥാനിലെത്തിയത്.
“യോഗത്തിൽ അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്. ഇറാൻ മുന്നോട്ടുവെച്ച രണ്ടു ദിവസത്തെ പദ്ധതിയെ പിന്തുണച്ച അംഗരാജ്യങ്ങൾ, ഇതൊരു സ്ഥിരവും സമഗ്രവുമായ വെടിനിർത്തലിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു,” ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അബ്ബാസ് അറാഖ്ജി പറഞ്ഞു.



