ജിദ്ദ: പ്രവാസി വനിതാ കൂട്ടായ്മയായ ‘എംപവറിംഗ് വിമൻസ് അലയൻസിന്റെ’ (EWA) ആഭിമുഖ്യത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. ജിദ്ദയിലെ സജാ പാർക്കിൽ നടന്ന പരിപാടി കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾ കൊണ്ടും ആഘോഷത്തിമിർപ്പ് കൊണ്ടും ശ്രദ്ധേയമായി.
കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും ആരംഭിച്ച ആഘോഷത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികളും കളികളും ഒരുക്കിയിരുന്നു. പാട്ടും പ്രസംഗവും വിവിധ മത്സരങ്ങളുമായി കുരുന്നുകൾ അരങ്ങുതകർത്തപ്പോൾ രക്ഷിതാക്കൾക്കും നവ്യാനുഭവമായി.

വനിതകളുടെ കൂട്ടായ്മ എന്നതിലുപരി സ്നേഹവും കരുതലും സാമൂഹിക ഉത്തരവാദിത്വവും ചേർത്തുപിടിക്കുന്ന വേദിയായാണ് ഇ.ഡബ്ല്യു.എ പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിലകൂടിയ സമ്മാനങ്ങളേക്കാൾ ഉപരിയായി കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന വേദികളും അവരെ ചേർത്തുപിടിക്കുന്ന മനസ്സുമാണ് പുതുതലമുറയ്ക്ക് നൽകേണ്ടതെന്ന സന്ദേശവും പരിപാടി മുന്നോട്ടുവെച്ചു. ഫൗണ്ടറും ചീഫ് കോർഡിനേറ്ററുമാായ സോഫിയ സുനിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെറീന റഷീദ്, ജിന്നി ജോർജ്, നീമ, ഷൈമ റാണി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.



