ഫുജൈറ– 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തില്‍ മൂന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മലയാളി കുടുംബത്തെ നേരിട്ട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ഷര്‍ഖി. ഇരട്ടക്കുട്ടികളെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ട സിദ്ദീഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഫുജൈറയിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലായിരുന്നു പ്രവാസി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ച 14 പേരില്‍ നാല് ഇന്ത്യക്കാരും 10 സ്വദേശികളും ഉള്‍പ്പെടുന്നു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍:
- മരണം (14): യു.എ.ഇ (10), ഇന്ത്യ (4)
- പരിക്കേറ്റവര്‍ (30): യു.എ.ഇ (8), ഇന്ത്യ (7), ഒമാന്‍ (6), ഈജിപ്ത് (3), ജോര്‍ദാന്‍ (2), പാകിസ്ഥാന്‍ (2), ബ്രസീല്‍ (2)
18 കാറുകളും അഞ്ച് ലോറികളുമടക്കം 23 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫുജൈറ പോലീസ് വ്യക്തമാക്കി. ഒരു ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാറിലിടിച്ച് മറിഞ്ഞ ട്രക്ക്, ഗതാഗതക്കുരുക്കില്‍പ്പെട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.
പോലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്നും ഇരകളുടെ കുടുംബങ്ങളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.




