ജിദ്ദ– അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധം ഗൾഫ് രാജ്യങ്ങൾക്ക് 20,000 കോടിയിലധികം ഡോളറിന്റെ നേരിട്ടുള്ള നാശനഷ്ടമുണ്ടാക്കുമെന്ന് മുൻനിര ഇൻഷുറൻസ് കമ്പനിയായ അലയൻസ് ട്രേഡ്. 2030ഓടെ ഈ സാമ്പത്തിക നഷ്ടം നാലുമടങ്ങായി വർധിച്ച് 79,000 കോടി ഡോളറിലെത്താമെന്നും കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനുനേരെ നടത്തിയ ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധത്തിൽ, ഇറാന്റെ തിരിച്ചടിയുടെ ആഘാതം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് അയൽപക്കത്തെ ഗൾഫ് രാജ്യങ്ങൾക്കാണ്. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ നിയന്ത്രിക്കുകയും, പ്രമുഖ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ-വ്യവസായ കേന്ദ്രങ്ങൾ, ലാൻഡ്മാർക്കുകൾ, അമേരിക്കൻ ആസ്തികൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഊർജ്ജ മേഖലയ്ക്ക് കനത്ത പ്രഹരം: മേഖലയിലുണ്ടായ ഭൗതിക നാശനഷ്ടങ്ങളിൽ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിനോട് ചേർന്നുകിടക്കുന്ന രാജ്യങ്ങളിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ എൺപതിലധികം ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായതിൽ മൂന്നിലൊന്നിനും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
- ജി.ഡി.പിയിൽ വൻ ഇടിവ്: ഊർജ്ജ മേഖലയ്ക്ക് പുറമെ വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലെ വളർച്ചയെയും യുദ്ധം സാരമായി ബാധിച്ചു. മുൻ വർഷങ്ങളിലെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 2030 വരെയുള്ള കാലയളവിൽ ജി.സി.സി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോത്പാദനത്തിൽ 5.9 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
വരും വർഷങ്ങളിൽ മേഖലയിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകാൻ ഈ നാശനഷ്ടങ്ങൾ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



