ദുബായ്: കടലിൽ ഉണ്ടായ എണ്ണ ചോർച്ചയെ തുടർന്ന് മുൻകരുതൽ നടപടിയായി അടച്ചിട്ടിരുന്ന റാസൽഖൈമയിലെ ഏഴ് പൊതു ബീച്ചുകളും റിസോർട്ട് ബീച്ചുകളും വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു. ഏകദേശം മൂന്നാഴ്ച മുൻപാണ് ബീച്ചുകൾ അടയ്ക്കാൻ റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിരുന്നത്.
ഫ്ലമിംഗോ ബീച്ച്, ദഹാൻ ബീച്ച്, അൽമൈരീദ് ബീച്ച്, അൽറംസ് കോർണിഷ് എന്നീ പൊതു ബീച്ചുകളും അനന്താര മീന അൽഅറബ് റിസോർട്ട്, ഇന്റർകോണ്ടിനെന്റൽ റാസൽഖൈമ മീന അൽഅറബ് റിസോർട്ട് ആന്റ് സ്പാ, ദ കോവ് റോട്ടാന റിസോർട്ട് എന്നിവിടങ്ങളിലെ ബീച്ചുകളുമാണ് വീണ്ടും തുറന്നത്. ബാക്കിയുള്ള ബീച്ചുകൾ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഘട്ടംഘട്ടമായി അറിയിക്കും.
യു.എ.ഇയുടെ വടക്കൻ തീരത്ത് ടാങ്കറിൽ നിന്നുണ്ടായ എണ്ണ ചോർച്ചയെ തുടർന്ന് ഒക്ടോബർ 24-നാണ് ബീച്ചുകൾ താത്കാലികമായി അടച്ചത്. അയൽ എമിറേറ്റുകളായ ഉമ്മുൽഖുവൈനിലും ഷാർജയിലും തീരപ്രദേശങ്ങളിൽ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഒക്ടോബർ 30-ഓടെ ചോർച്ച പൂർണ്ണമായും നിലച്ചതായും സമുദ്ര മലിനീകരണത്തിൽ ഗണ്യമായ കുറവുണ്ടായതായും യു.എ.ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിൽ ബാധിക്കപ്പെട്ട തീരപ്രദേശങ്ങളിൽ ശുചീകരണവും നിരീക്ഷണവും തുടരുകയാണ്.
തീരപ്രദേശങ്ങളിലേക്ക് പൊതുജനങ്ങൾക്ക് ഘട്ടംഘട്ടമായി പ്രവേശനം അനുവദിച്ചു തുടങ്ങി എങ്കിലും, തുറക്കാൻ അനുമതി ലഭിക്കാത്ത ബീച്ചുകളിൽ നിയന്ത്രണങ്ങൾ തുടരും. സന്ദർശകർ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



