റിയാദ്- റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലേൺ ദി ഖുർആൻ ഖുർആൻ പഠന പദ്ധതിയുടെ 2026-ലെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 13 വെള്ളിയാഴ്ച നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് ഒരേസമയം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് പരീക്ഷയുടെ സമയക്രമവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിലെ 30 മുതൽ 33 വരെയുള്ള അധ്യായങ്ങളായ സൂറത്തുർറൂം, സൂറത്തു ലുഖ്മാൻ, സൂറത്തുസ്സജദ, സൂറത്തുൽ അഹ്സാബ് എന്നിവയാണ് പരീക്ഷയുടെ പാഠഭാഗങ്ങൾ. പാഠഭാഗങ്ങൾ ലിങ്കിലൂടെ ലഭ്യമാണ്. https://drive.google.com/file/d/1EOVXy_6ScIk_N1sk6MYa0ESafg0Xo-_c
കൂടാതെ, പാഠഭാഗങ്ങളും പഠിതാക്കൾക്കായി നടത്തിയ റിവിഷൻ ക്ലാസുകളുടെ റെക്കോർഡ് ചെയ്ത വീഡിയോകളും അടുത്തിടെ പുറത്തിറക്കിയ ലേൺ ദി ഖുർആൻ മൊബൈൽ ആപ്പിലും ലഭ്യമാണ്. ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നവംബർ 13 വെള്ളിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 9 മണി വരെയും ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ രാത്രി 11.30 വരെയുമുള്ള ആറു മണിക്കൂർ സമയപരിധിക്കുള്ളിൽ പരീക്ഷാർത്ഥികൾക്ക് തങ്ങൾക്ക് സൗകര്യപ്രദമായ ഏത് സമയത്തും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒരു മണിക്കൂറാണ് ഉത്തരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സമയം. സൗദി അറേബ്യയിൽ ഓഫ്ലൈൻ പരീക്ഷ നവംബർ 20 വെള്ളിയാഴ്ച രാവിലെ നടക്കും.
ലേൺ ദി ഖുർആൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് പരീക്ഷാ ലിങ്ക് ലഭ്യമാകുക. വെബ്സൈറ്റിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പരീക്ഷാ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെ വിവിധ ഡിജിറ്റൽ ഉപകരണങ്ങളിൽ അനായാസം ഉപയോഗിക്കാവുന്ന രീതിയിലാണ് സോഫ്റ്റ്വെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നേരത്തേ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത പഠിതാക്കൾക്ക് പരീക്ഷാ ദിവസമായ നവംബർ 13 വരെ exam.learnthequran.org എന്ന വെബ്സൈറ്റിലൂടെ പുതുതായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് പഠിതാക്കൾ പങ്കെടുക്കുന്ന പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി വിവിധ പ്രദേശങ്ങളിൽ ഹെൽപ്പ് സെന്ററുകൾ രൂപീകരിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കുമായി താഴെ പറയുന്ന വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
+966 53629 1683
+966 56250 8011
കെ.എൻ.എം സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്ററുകളും പഠിതാക്കൾക്കും പരീക്ഷാർത്ഥികൾക്കും ആവശ്യമായ സഹായങ്ങളും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫൈനൽ പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് മൊമെന്റോയും ആകർഷകമായ സമ്മാനങ്ങളും ലേൺ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ വെച്ച് വിതരണം ചെയ്യും. കൂടാതെ, പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ രേഖപ്പെടുത്തിയ അംഗീകൃത സർട്ടിഫിക്കറ്റുകൾ പരീക്ഷാഫലത്തോടൊപ്പം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
നവംബർ 13-ന് നടക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.



