ജിദ്ദ– സൗദി അറേബ്യയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾക്കും സാങ്കേതിക മാർഗനിർദ്ദേശങ്ങൾക്കും അംഗീകാരം നൽകി. പരിസ്ഥിതി, ജല, കൃഷി മന്ത്രിയും ദേശീയ മാലിന്യ സംസ്കരണ കേന്ദ്രം ചെയർമാനുമായ എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്ലി അംഗീകരിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽഖുറാ’ പത്രത്തിൽ പ്രസിദ്ധീകരിച്ചു.
പുതിയ നിയമപ്രകാരം മുനിസിപ്പൽ ഖരമാലിന്യം, കാർഷികം, വ്യാവസായം, പ്രത്യേക മാലിന്യങ്ങൾ എന്നീ നാല് വിഭാഗങ്ങളെ തരംതിരിക്കേണ്ടതുണ്ട്. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എല്ലാ മാലിന്യ ഉൽപ്പാദകരും മൂന്ന് കളർ കോഡുകളുള്ള കണ്ടെയ്നറുകളിൽ മാലിന്യം വേർതിരിക്കണം.
മാലിന്യ ശേഖരണത്തിന് കളർ കോഡുകൾ
- നീല കണ്ടെയ്നർ: പേപ്പർ, കാർഡ്ബോർഡ്, പ്ലാസ്റ്റിക്, ലോഹങ്ങൾ തുടങ്ങിയ പുനരുപയോഗ സാധനങ്ങൾക്ക് (ഉണങ്ങിയവ).
- പച്ച കണ്ടെയ്നർ: ഭക്ഷണ അവശിഷ്ടങ്ങളും ഹരിത മാലിന്യങ്ങളും അടങ്ങിയ ജൈവ മാലിന്യങ്ങൾക്ക്.
- കറുപ്പ് കണ്ടെയ്നർ: ശേഷിക്കുന്ന മിശ്രിത മാലിന്യങ്ങൾക്ക്.
മാലിന്യങ്ങൾ നിക്ഷേപിക്കാൻ 120 ലിറ്ററിൽ കൂടാത്ത നിറമുള്ള ബാഗുകൾ ഉപയോഗിക്കൽ നിർബന്ധമാണ്. ജൈവ മാലിന്യങ്ങളും മിശ്രിത മാലിന്യങ്ങളും ദിവസേനയും, പുനരുപയോഗ വസ്തുക്കൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ശേഖരിക്കണം. താമസസ്ഥലങ്ങളിൽ നിന്ന് പൊതു ശേഖരണ കേന്ദ്രത്തിലേക്കുള്ള ദൂരം 50 മീറ്ററിലും ചില വശത്തെ തെരുവുകളിൽ 100 മീറ്ററിലും കൂടാൻ പാടില്ല.
പൊതു നിബന്ധനകളും ശിക്ഷയും
മാലിന്യത്തിൽ നിക്ഷേപിക്കുന്നതിന് മുൻപ് ടിന്നുകൾ കഴുകി ശൂന്യമാക്കുകയും കാർഡ്ബോർഡുകൾ നിരപ്പാക്കുകയും വേണം. ബാറ്ററികളും അപകടകരമായ വസ്തുക്കളും സാധാരണ മാലിന്യങ്ങളുമായി കലർത്തരുത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഗ്ലാസ് എന്നിവ നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തിക്കണം.
പുതിയ കെട്ടിടങ്ങളുടെ ഡിസൈനിൽ മാലിന്യ കണ്ടെയ്നറുകൾ വെക്കാനുള്ള സ്ഥലം ഉൾപ്പെടുത്തേണ്ടതുണ്ട്. ദേശീയ വിലാസവുമായി ബന്ധിപ്പിച്ച കണ്ടെയ്നറുകളിൽ ഇ-ചിപ്പുകൾ, ക്യാമറ നിരീക്ഷണം, മാലിന്യ അളവിനനുസരിച്ച് ഫീസ് ചുമത്തൽ എന്നിവയും നടപ്പാക്കും. നിയമങ്ങൾ പാലിക്കുന്നവർക്ക് റിവാർഡ് പോയിന്റുകളും ഡിസ്കൗണ്ടുകളും നൽകും.
നിയമലംഘനങ്ങൾക്ക് അഞ്ചുതല വർഗീകരണ സംവിധാനത്തിലൂടെയായിരിക്കും പിഴ ചുമത്തുക. തുടർച്ചയായ ലംഘനങ്ങൾക്ക് ഉയർന്ന പിഴയോ മാലിന്യ ശേഖരണം താൽക്കാലികമായി നിർത്തിവെക്കലോ നേരിടേണ്ടിവരും.
ലക്ഷ്യം 2040-ഓടെ 79 ശതമാനം
നിലവിൽ സൗദിയിൽ വ്യക്തിഗത മുനിസിപ്പൽ മാലിന്യ ഉൽപ്പാദനം പ്രതിദിനം 1.7 കിലോഗ്രാം ആണ്. ഇതിൽ ഭൂരിഭാഗവും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമടക്കം നിലവിൽ ലാൻഡ്ഫില്ലുകളിലാണ് എത്തുന്നത്. ഉറവിടത്തിലെ മാലിന്യ വേർതിരിക്കൽ നിരക്ക് നിലവിലെ 0.3 ശതമാനത്തിൽ നിന്ന് 2030-ഓടെ 47 ശതമാനവും 2040-ഓടെ 79 ശതമാനവുമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.



