റിയാദ്- കിംസ് ആശുപത്രി, ഷോല മാൾ, മലബാർ ഗോൾഡ് എന്നിവയുടെ സഹകരണത്തോടെ കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ റിയാദിലെ ഷോല മാളിൽ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
കിംസ് ആശുപത്രിയിലെ ഡോ. മൊണാലിസ സ്ത്രീകളുടെ മാനസികാരോഗ്യം, ക്ഷേമം, സ്വയംപരിചരണം, ശരീരത്തെക്കുറിച്ചുള്ള അവബോധം, സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രാഥമിക ആരോഗ്യപരിശോധനയും നടത്തി.
തുടർന്ന് കിംസ് ആശുപത്രിയിലെ ഡോ. ദീപ്തി സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, സ്വയംപരിശോധനയുടെ പ്രാധാന്യം, സ്ക്രീനിങ്, തുടർപരിശോധനകൾ, രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകത എന്നിവ വിശദീകരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്കും മറുപടി നൽകി.
കിംസ് ആശുപത്രിയിലെ നഴ്‌സുമാരായ ഫസീല എ. ബഷീർ, സിന്ധുജ കിഴക്കേവീട്ടിൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. പങ്കെടുത്തവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുകയും അടിസ്ഥാന ആരോഗ്യപരിശോധനകൾ നടത്തുകയും ചെയ്തു.
പരിപാടിയിൽ ഡോ. മൊണാലിസയ്ക്കും ഡോ. ദീപ്തിക്കും പ്രോഗ്രാം കോർഡിനേറ്റർ സജിന വി.എസ്. ഉപഹാരം നൽകി ആദരിച്ചു. നഴ്‌സ് ഫസീല എ. ബഷീറിനെ കുടുംബവേദി പ്രസിഡന്റ് ശ്രീഷയും സിന്ധുജ കിഴക്കേവീട്ടിലിനെ ട്രഷറർ സീന സെബിനും ആദരിച്ചു.
കിംസ് ആശുപത്രി മാർക്കറ്റിങ് മാനേജർ ഷാഫി ഷഹാബുദ്ദീൻ, കേളി പ്രവർത്തകൻ സുജിത് വടക്കേമഠത്തിൽ, പബ്ലിസിറ്റി കോർഡിനേറ്റർ സിജിൻ കൂവള്ളൂര്ർ, സുകേഷ് നാരായണൻ, ബിജു തായമ്പത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ. സ്വാഗതവും പ്രസിഡന്റ് ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.



