ഹൈദരാബാദ്: പോളിംഗ് ബൂത്തിൽ ബുർഖ ധരിച്ചെത്തിയ മുസ്ലീം സ്ത്രീകളോട് മുഖം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർത്ഥി. ഹൈദരാബാദിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി കൊമ്പെല്ലാ മാധവി ലതയാണ് മുസ്ലിം സ്ത്രീകളോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടത്. ഐ.ഡി കാർഡ് ചോദിച്ച ശേഷമായിരുന്നു സ്ഥാനാർഥിയുടെ ആവശ്യം. ഇവർക്കെതിരെ പോലീസ് കേസെടുത്തു. അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് ഇവർ മത്സരിക്കുന്നത്.
മാധവി ലതയ്‌ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ റൊണാൾഡ് റോസ് പറഞ്ഞു. ഒരാളുടെയും തിരിച്ചറിയൽ കാർഡ് പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമില്ലെന്നും സംശയമുണ്ടെങ്കിൽ പോളിംഗ് ഓഫീസറോട് ആവശ്യപ്പെടാമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, വോട്ടർ ഐഡി കാർഡ് പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി പറഞ്ഞു. “ഞാനൊരു സ്ഥാനാർത്ഥിയാണ്. നിയമമനുസരിച്ച്, ഒരു സ്ഥാനാർത്ഥിക്ക് ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല. ഞാൻ ഒരു സ്ത്രീയാണ്, വളരെ വിനയത്തോടെയാണ് അവരോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടതെന്നും മാധവി ലത പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉവൈസി ഇതുവരെ പ്രതികരിച്ചിട്ടില്ല.