റിയാദ്- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രോഗികൾക്ക് വേണ്ടി ഓരോ വർഷവും നടത്തി വരുന്ന ‘റിമാൽ സാന്ത്വനം’ പരിപാടിയുടെ 2026 വർഷത്തെ ധന സഹായ വിതരണം പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. മലപ്പുറത്തും പരിസരങ്ങളിലും നിന്നുള്ള റിയാദ് പ്രവാസികളുടെ കൂട്ടായ്മയാണ് റിമാൽ.
മാരക രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവര ശേഖരണം, കുടുംബങ്ങളിൽ റിമാൽ ടീം നേരിട്ട് എത്തിയുള്ള സാന്ത്വനം, അർഹിക്കുന്നവർക്ക് സാമ്പത്തിക സഹായം എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത് പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന റിമാൽ പരിധിയിൽ പെട്ട ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ, ക്യാൻസർ രോഗികൾ, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികൾ തുടങ്ങിയ 450 ൽ പരം രോഗികൾക്ക് ഈ വർഷം സഹായ വിതരണം നടത്തിയതായി റിമാൽ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയിൽപെട്ട പഞ്ചായത്തുകൾ.
ആവശ്യവും അർഹതയും അനുസരിച്ച കുടുംബങ്ങൾക്ക് വേണ്ടി ഇടപെടലുകൾ തുടരാനും റിമാൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭീമമായ ചിലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർദ്ധനരായ രോഗികൾക്കും റിമാൽ സഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമെ ദീർഘകാലം കഴിക്കേണ്ടി വരുന്ന, വില കൂടിയ മരുന്നുകൾ വാങ്ങാൻ സഹായിക്കുന്ന പ്രത്യേക സംവിധാനമായ റിമാൽ മെഡിസിൻ അസിസ്റ്റന്റ്‌സ് വഴി 50ൽ പരം രോഗികൾക്ക് പ്രതിമാസ സഹായം നൽകി വരുന്നതായും അറിയിച്ചു.
റിയാദിൽ വെച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങി വന്നവർക്ക് തുടർ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു
റിയാദിലെ പ്രവാസികളുടെ ആരോഗ്യ, തൊഴിൽ നിയമ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനും കഴിഞ്ഞ 19 വർഷമായി കക്ഷി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് റിമാൽ.
റിയാദ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജാഫർ കിളിയണ്ണിയുടെ നേതൃത്വത്തിൽ നോർക്ക സെൽ പ്രശംസനീയമായ പ്രവർത്തനം നടത്തി വരുന്നു.
റിയാദിലെ സാധാരണക്കാരായ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെ സഹായം.സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



