അബൂദാബി- യു എ ഇയിൽ ഒക്ടോബർ 28 ബുധനാഴ്ച വരെ മഴക്കും ശക്തമായ കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നതിനാലാണ് മുന്നറിയിപ്പ്. വടക്കൻ, കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും വരും ദിവസങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. മേഘാവൃതമായ സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും.
امطار #الطايف الان تصوير ابو سلطان الاحــد 14 جمادي الاولى 1448هـ 25 اكتــوبر 2026م https://t.co/C6KlCP9nbo
— امطار المملكة (@n_9kb) October 25, 2026
രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം 85 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശ, ഉൾപ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.
പൊടിപടലങ്ങളും മൂടൽമഞ്ഞും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ അഭ്യർത്ഥിച്ചു. ഒമാൻ കടലിലും അറേബ്യൻ ഗൾഫിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.



