അമ്മാന്– തെക്കന്‍ ജോര്‍ദാനിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ജോര്‍ദാന്‍ ടെലിവിഷന്‍ ചാനലായ ‘അല്മംലക’ റിപ്പോര്‍ട്ട് ചെയ്തു.
കരക് ഗവര്‍ണറേറ്റിലെ ഹമൂദ് ചര്‍ച്ചില്‍ ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. വാഹനത്തിലെത്തിയ രണ്ട് അക്രമികള്‍ ചര്‍ച്ചിലേക്ക് നേരിട്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അല്മംലക റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒളിവില്‍ പോയ അക്രമികള്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ സേന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സംഭവസ്ഥലത്ത് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജോര്‍ദാന്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് ഹുസൈന് അല്മൊമാനി സ്ഥിരീകരിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുമെന്ന് അദ്ദേഹം അറിയിച്ചു.



