തെഹ്റാൻ– തങ്ങളുടെ ഡ്രോൺ ശേഷി ഗണ്യമായി വർധിപ്പിച്ചതായി ഇറാൻ സൈന്യം വെളിപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ചേർന്നുള്ള മുൻ യുദ്ധങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, ഏത് തരത്തിലുള്ള അസമമിത യുദ്ധമുറയ്ക്കും രാജ്യം സജ്ജമാണെന്ന് ഇറാൻ കരസേനാ മേധാവി മേജർ ജനറൽ അമീർ ഹാതമി പ്രസ്താവിച്ചു. യുദ്ധാവശ്യങ്ങൾക്കുള്ള ഡ്രോണുകൾ നിർമ്മിക്കുന്ന സൈനിക കേന്ദ്രം സന്ദർശിക്കവേയാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.
ആധുനിക യുദ്ധങ്ങളിൽ ഡ്രോണുകൾ, ആളില്ലാ കപ്പലുകൾ, മൈക്രോ-ഡ്രോണുകൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഡ്രോണുകളുടെ നിർമ്മാണം, വിതരണം, പരിപാലനം എന്നിവയിൽ സൈന്യം സജീവമാണെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ നീണ്ടുനിൽക്കുന്ന ഉപരോധം രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാധാരണക്കാരുടെ ജീവിതത്തെയും നിക്ഷേപങ്ങളെയും സാമ്പത്തിക മേഖലയെയും പ്രയാസപ്പെടുത്തുമെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്സിൻ റെസായി പറഞ്ഞു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും തന്ത്രപരമായ തകർച്ചയും രണ്ടാണ്. ജനങ്ങളെ കഷ്ടത്തിലാക്കിയാൽ ഇറാനിലെ രാഷ്ട്രീയ സംവിധാനം അമേരിക്കൻ ആവശ്യങ്ങൾക്ക് വഴങ്ങുമെന്ന കണക്കുകൂട്ടൽ യു.എസിന്റെ വലിയ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം നീട്ടിക്കൊണ്ടുപോകുകയല്ല, മറിച്ച് മറ്റൊരു യുദ്ധത്തിനുള്ള സാധ്യത ഇല്ലാതാക്കി നിലവിലെ യുദ്ധം അവസാനിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.



