ദോഹ– പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി പ്രതിരോധ ഉല്പാദന കേന്ദ്രം സ്ഥാപിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ആഗോള സുരക്ഷാ ഫോറത്തില്‍ ഖത്തര്‍ പ്രതിരോധ കാര്യ സഹമന്ത്രി ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനിയാണ് ഈ നിര്‍ണായക പദ്ധതി പ്രഖ്യാപിച്ചത്.
യുദ്ധസാമഗ്രികളുടെ നിര്‍മ്മാണത്തിലും വ്യോമ പ്രതിരോധത്തിലും രാജ്യത്തിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് പുതിയ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി പ്രാദേശിക പങ്കാളികള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായും ചേര്‍ന്ന് ഖത്തര്‍ സംയുക്തമായി പ്രവര്‍ത്തിച്ചുവരികയാണ്.
മേഖല നേരിടുന്ന വെല്ലുവിളികള്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രി കൂടിയായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭൂപ്രദേശവും വിഭവങ്ങളും സുരക്ഷിതമായി സംരക്ഷിക്കാന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഖത്തറിന് പൂര്‍ണ്ണമായി കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയില്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഒഴിവാക്കുന്നതിനാണ് ഖത്തര്‍ എക്കാലത്തും മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ അന്താരാഷ്ട്ര വിഷയങ്ങളില്‍ സജീവമായ മധ്യസ്ഥ ശ്രമങ്ങളാണ് ഖത്തര്‍ നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



