ഷാർജ: ദുബായ്, ഷാർജ ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട അസാധാരണമായ ഇന്ധന ഗന്ധത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ ഇന്ധന ഗന്ധം അനുഭവപ്പെടുന്നതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തത്. മണ്ണെണ്ണ, ഡീസൽ എന്നിവയ്ക്ക് സമാനമായ ഗന്ധമാണ് അനുഭവപ്പെട്ടതെന്ന് ഭൂരിഭാഗം പേരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ദുബായിലെ ദേര, അൽ ജദ്ദാഫ്, അൽ ഖിസൈസ്, അൽ മംസാർ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും ഈ അനുഭവമുണ്ടായത്. ഷാർജയിലെ അൽ മംസാർ, അൽ ഖാസിമിയ, അൽ റഹ്മാനിയ, അൽ ഹംരിയ എന്നീ പ്രദേശങ്ങളിലും, അജ്മാനിലെ നുഐമിയ, കോർണിഷ്, അൽ റാഷിദിയ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഇന്ധന ഗന്ധം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതേത്തുടർന്ന്, വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തര പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നും ഷാർജ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമിർ അറിയിച്ചു.
ഷാർജ ടിവിയിലും റേഡിയോയിലും സംപ്രേഷണം ചെയ്ത ‘ഡയറക്ട് ലൈൻ’ (Direct Line) പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അപകടസാധ്യതകളുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി പരിശോധനകളും വിലയിരുത്തലുകളും നടത്തിവരികയാണെന്ന് അദ്ദേഹം കൂട്ടിപ്പേർത്തു.







